തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് വീണ്ടും കത്തയച്ചു. ഇ. ശ്രീധരനുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചക്കുശേഷം തയാറാക്കിയ കത്താണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കേന്ദ്രത്തിന് അയച്ചത്.
കൊച്ചി മെട്രോ പദ്ധതിയുടെ മാതൃകയില്‍ ഇരു ലൈറ്റ് മെട്രോകളും പൂര്‍ത്തിയാക്കുമെന്ന് കത്തില്‍ പറയുന്നു. പദ്ധതി ചെലവിന്‍െറ 20 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കും. ബാക്കി 60 ശതമാനം പണം വായ്പയിലൂടെ കണ്ടെത്തും. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ചുമതല ഡി.എം.ആര്‍.സിയെ ഏല്‍പിച്ചിട്ടുണ്ട്. എന്നാല്‍ കണ്‍സല്‍റ്റന്‍സി കരാര്‍ കേന്ദ്ര അനുതിക്ക് ശേഷം മാത്രമാണെന്നും കത്തില്‍ സംസ്ഥാനം വ്യക്തമാക്കുന്നു.
വായ്പ, ധനസമാഹരണ മാര്‍ഗം, കേന്ദ്ര സംസ്ഥാന വിഹിതങ്ങള്‍ എന്നിവക്കു പുറമെ പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത ക്രമീകരണം സംബന്ധിച്ച പഠനം, സമഗ്ര മൊബിലിറ്റി പ്ളാന്‍ എന്നിവയും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ തയാറാക്കിയ കത്തില്‍ കേന്ദ്രം വിയോജിച്ചതോടെയാണ് പുതിയ കത്തയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കത്തില്‍ കേന്ദ്ര നഗരാസൂത്രണ വകുപ്പാണ് വിയോജനകുറിപ്പ് അയച്ചത്. പദ്ധതിയുടെ ശരിയായ രീതിയിലുള്ള വിശദീകരണമില്ലാതെയാണ് കത്തയച്ചതെന്നും വിമര്‍ശമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലൈറ്റ് മെട്രോ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ പൂര്‍ണ ഭരണാനുമതി നല്‍കിയത്.