ചാമ്പ്യന്‍സ് ലീഗില്‍ കിരീടപോരാട്ടത്തിനായി ഇറങ്ങിയ ലിവര്‍പൂള്‍-റയല്‍ മാഡ്രിഡ് മത്സരത്തില്‍ റയലിനെ ചാമ്പ്യന്മാരാക്കിയത് ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ആണ്. അലസത കൊണ്ട് എന്നു തോന്നിപ്പിക്കുന്ന ഗുരുതര പിഴവാണ് ലിവര്‍പൂള്‍ ഗോളി ലോറിസ് കാരിസിനു ഫൈനല്‍ പോരാട്ടത്തില്‍ സംഭവിച്ചത്. ശനിയാഴ്ച രാത്രി റയലിന്റേതാക്കി മാറ്റിയ ആ രണ്ടു പിഴവില്‍ നിന്നാണ് 3-1 നു റയല്‍ ലിവര്‍പൂളിനെ തകര്‍ത്ത് ചാമ്പ്യന്‍ലീഗില്‍ ഹാട്രിക് കിരീടം ചൂടിയത്.
ഫൈനല്‍ പോരാട്ടത്തിനു പിന്നാലെ ഞായാറാഴ്ച രാത്രി തന്നെ ലിവര്‍പൂള്‍ താരം ലോറിസ് കാരിസ് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെത്തി പറന്നു. ഇരുണ്ട രാത്രിക്കു പിന്നാലെയുള്ള ഈ ജര്‍മ്മന്‍ താരത്തിന്റെ ഡെസ്റ്റിനേഷന്‍ എങ്ങോട്ടാണെന്ന് അവ്യക്തമാണ്. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ വിമാനത്താവളത്തിലെത്തിയ താരം വളരെ പെട്ടെന്നാണ് സുരക്ഷാ ചെക്കിംഗുകള്‍ തീര്‍ത്തത്. അത്രയ്ക്ക് ധൃതിയിലായിരുന്നു താരമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫൈനല്‍ നടന്ന യുക്രൈയ്‌ന്റെ തലസ്ഥാനമായ കീവില്‍ നിന്ന് ഇംണ്ടില്‍ മടങ്ങിയെത്തിയതിനു പിന്നാലെ അവധി ആഘോഷിക്കാനായി താരം പറക്കുകയായിരുന്നു.
കലാശപ്പോരില്‍ വരുത്തിയ നിര്‍ണായക പിഴവിനു താരം വന്‍ വിലകൊടുക്കേണ്ടി വരുമോ എന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. കരിം ബെന്‍സേമയുടെ ഗോളും, ബെയ്‌ലിന്റെ ഗോളും ലോറിസിന്റെ ഗുരുതര പിഴവില്‍ നിന്നു പിറന്നതാണ്. ഇതോടെ ലിവര്‍പൂള്‍ €ബിലെ താരത്തിന്റെ സ്ഥാനം തെറിക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. മത്സരത്തിനു പിന്നാലെ തന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര പിഴവുകള്‍ക്ക് താരം ട്വിറ്ററിലൂടെ മാപ്പു പറഞ്ഞിരുന്നു. ആ നിമിഷങ്ങള്‍ എന്റെ മനസില്‍ നിന്നു മായുന്നില്ല.. ഈ സമയം വരെ തനിക്കു ഉറങ്ങാന്‍ കഴിയുന്നില്ല.. എന്റെ സഹകളിക്കാരോടും, ആരാധകരോടും, എല്ലാ സ്റ്റാഫിനോടും മാപ്പ്.. എന്നിങ്ങനെ താരം കുറിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ലോറിസ് കാരിസിനെതിരെ വന്‍ ഭീഷണിയും വിമര്‍ശനവുമാണ് ഉയര്‍ന്നത്.