ഡോക്ടര്‍മാര്‍ക്ക് വിനോദയാത്രക്കായി മരുന്നു കമ്പനിവക ട്രാവല്‍ ഏജന്‍സിയും.. മരുന്നുകളുടെ കച്ചവടം വര്‍ദ്ധിപ്പിക്കാന്‍ കോഴപ്പണത്തിനൊപ്പം വിദേശ വിനോദ യാത്രകളുമാണ് ഡോക്ടര്‍മാര്‍ക്ക് ലിവിഡസ് മരുന്ന് കമ്പനി നല്‍കുന്ന മറ്റൊരു സമ്മാനം.. കുടുംബ സമേതവും ഒറ്റക്കുമുള്ള വിനോദ യാത്രയെന്ന മോഹന വാഗ്ദാനത്തില്‍ വീഴാത്ത ഡോക്ടര്‍മാര്‍ കുറവാണെന്ന് മെഡിക്കല്‍ റെപ്രസന്റേറ്റീവുമാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിവിഡസ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്വന്തമായി ട്രാവല്‍ ഏജന്‍സിയും ആരംഭിച്ചാണ് മരുന്ന് കച്ചവടം പൊടിപൊടിക്കുന്നത്.. പോണ്ടിചേരിയിലും കോയമ്പത്തൂരിലുമായി കുടില്‍ വ്യവസായം പോലെ നിര്‍മ്മിച്ചെടുക്കുന്ന ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റഴിക്കാനാണ് ലിവിഡസ് കമ്പനി ഡോക്ടര്‍മാര്‍ക്ക് വിദേശയാത്രയും, പ്രതിമാസം പതിനായിരങ്ങള്‍ കോഴയും നല്‍കുന്നതെന്ന് അവരുടെ രേഖകള്‍ തന്നെ വ്യക്തമാക്കുന്നു.
പ്രതിവര്‍ഷം ഒന്നര കോടിയ്ക്ക് മുകളിലാണ് ലിവിഡസ് കമ്പനിയുടെ തന്നെ സ്ഥാപനമായ ട്രാന്‍സ് ലൈഫ് വഴി കമ്പനി ഡോക്ടര്‍മാരുടെ വിദേശയാത്രയ്ക്കായി മുടക്കുന്നത്. ലിവിഡസ് ഫാര്‍മയുടെ മാനേജിങ് ഡയറക്ടറായ ഫീറോസ് തന്നെയാണ് ട്രാവല്‍ ഏജന്‍സിയ്ക്കും ചുക്കാന്‍ പിടിക്കുന്നത്. ചെക്ക് ഉള്‍പ്പെടെയുള്ള പ്രധാന രേഖകളില്‍ ഒപ്പിടുന്നത് ഫിറോസാണെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. ഡോക്ടര്‍മാര്‍ക്കായി വിവിധ ഏജന്‍സികള്‍ സ്വദേശത്തും വിദേശത്തുമായി നടത്തുന്ന വിനോദയാത്രകള്‍ക്കും സെമിനാറുകള്‍ക്കുള്ള മുഴുവന്‍ ചിലവും വഹിക്കുന്നത് ട്രാന്‍സ് ലൈഫ് എന്ന ട്രാവല്‍ ഏജന്‍സി തന്നെയാണ്..
ലിവിഡസിന്റെ ഗുണ നിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റഴിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കും എന്നതിന്റെ തെളിവാണ് മരുന്നുകമ്പനി ട്രാവല്‍ ഏജന്‍സിയും സ്വന്തമായി നടത്തുന്നത്. ലിവിഡസ് മരുന്ന് കമ്പനി ഗുണ നിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റഴിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ലക്ഷങ്ങള്‍ കോഴനല്‍കുന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. യുവജന സംഘടനകളുടെ പ്രതിഷേധം ഭയന്ന് പറവൂര്‍ താലൂക്ക് ആശൂപത്രിയിലെ ഡോക്ടര്‍ ഡ്യൂട്ടിയില്‍ നിന്നും താല്‍ക്കാലികമായി അവധി എടുത്തിരിക്കുകയാണ്.