ന്യൂഡല്‍ഹി: കാര്‍ഷിക വായ്പ ദേശീയ അടിസ്ഥാനത്തില്‍ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രകൃഷിമന്ത്രി രാധാ മോഹന്‍ സിങ്. കടം എഴുതി തള്ളിയത് കൊണ്ട് മാത്രം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവില്ലെന്ന് മന്ത്രി പറഞ്ഞു.
കര്‍ഷകരെ ശാക്തീകരിക്കുന്നതിലാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ. കൃഷിക്കുള്ള ചെലവ് കുറയ്ക്കാനും സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ശ്രമമെന്നും കൃഷിമന്ത്രി വ്യക്തമാക്കി. കാര്‍ഷികമന്ത്രാലയത്തിന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം. കര്‍ഷകരെ ശാക്തീകരിക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ. നമുക്ക് കാര്‍ഷികോല്‍പാദനം കൂട്ടേണ്ടതുണ്ട്. കര്‍ഷകരുടെ വരുമാനം കൂട്ടാനുള്ള പദ്ധതികള്‍ രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
രാധാ മോഹന്‍ സിങ്
യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോല്‍ കേന്ദ്രസര്‍ക്കാര്‍ ഹൃസ്വവായ്പയ്ക്കുള്ള തുക 8.5 ലക്ഷം കോടിയില്‍ നിന്ന് 10 ലക്ഷം കോടിയായി വര്‍ധിപ്പിച്ചെന്നായിരുന്നു മന്ത്രിയുടെ മറുപടി.
വരള്‍ച്ച മൂലം കടക്കെണിയിലായ തമിഴ്‌നാട്ടിലെ കര്‍ഷകര്‍ കടം എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ 40 ദിവസത്തോളം സമരം നടത്തിയിരുന്നു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോഡി നല്‍കിയ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലെ 150ഓളം കര്‍ഷകര്‍ കഴിഞ്ഞയാഴ്ച്ച പ്രതിഷേധിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന മേഖലയാണ് വിദര്‍ഭ.