കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗ് നേതാവ് എജിസി ബഷീര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബഷീറിന് എട്ടു വോട്ടും എല്‍.ഡി.എഫിലെ വി.പി.പി മുസ്തഫയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. രണ്ടംഗങ്ങളുളള ബി.ജെ.പി അതിനാടകീയമായി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. നേരത്തെ മത്സരമുണ്ടായാല്‍ എല്‍.ഡി.എഫിനെ പിന്തുണക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായിരുന്നു ബിജെപിയുടെ പുതിയ തീരുമാനം.
ബിജെപി പിന്തുണച്ചാല്‍ സ്ഥാനം രാജിവെക്കുമെന്ന് ഏഴംഗങ്ങളുളള എല്‍.ഡി.എഫും പ്രഖ്യാപിച്ചിരുന്നു. എടനീരില്‍ നിന്ന് വിജയിച്ച അഡ്വ ശ്രീകാന്തും പുത്തിഗെയില്‍ നിന്ന് ജയിച്ച പുഷ്പ അമേക്കളയുമാണ് ബിജെപിയുടെ രണ്ടംഗങ്ങള്‍. പ്രസിഡണ്ട് സ്ഥാനത്തേക്ക് ബഷീറിന്റെ പേര് കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുവാണ് നിര്‍ദ്ദേശിച്ചത്. മുംതാസ് സമീറ പിന്താങ്ങി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കൂടിയായ എജിസി ബഷീര്‍ കുമ്പള ഡിവിഷനില്‍ നിന്നാണ് ജില്ലാപഞ്ചായത്തിലെത്തിയത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം രണ്ടു തവണ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. ഇക്കാലയളവില്‍ അദ്ദേഹം ഗ്രാമഭരണത്തില്‍ സംസ്ഥാനത്ത് മാതൃകയായ നിരവധി നൂതന പദ്ധതികള്‍ നടപ്പാക്കി. യുഡിഎഫിന്റെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ശാന്തമ്മ ഫിലിപ്പാണ്. ഈ തെരഞ്ഞെടു്പ്പ ഉച്ചക്ക് ശേഷം നടക്കും.