പാലക്കാട്: നാട്ടു മണമുള്ള കഥകകൾ പറഞ്ഞ് മലയാളത്തെ ത്രസിപ്പിച്ച തിരക്കഥകളുടെ മന്ത്രവാദിയെ ചരിത്രം വിളിച്ചിട്ട് ഇന്നേക്ക് (ബുധൻ)എട്ട് വർഷം.ലോഹിതദാസ് ഓർമ്മയായി വർഷങ്ങൾ പിന്നിട്ടിട്ടും അദ്ധേഹത്തിന് ഒരു സ്മാരകമൊരുക്കാൻ അധികൃതർക്കായിട്ടില്ല. മഹാനായ കലാകാരന്റെ ഓർമ്മ പുതുക്കാൻ ഒറ്റപ്പാലം ലക്കിടി അമരാവതിയെന്ന അദ്ധേ ഹത്തിന്റെ വീട്ടിലേക്ക് അധികമാരും വന്നില്ല. ഭാര്യ സിന്ധു ലോഹിതദാസും, മക്കളും ലക്കിടിയിലെ നാട്ടുകാരും, ഏതാനും ചില സിനിമ പ്രവർത്തകരും അനുസ്മരണ ചടങ്ങിനെത്തി. രാവിലെ വീട്ടുവളപ്പിലെ സമാധിയിൽ സിന്ധുവിന്റേയും മക്കളുടേയും നേതൃത്വത്തിൽ പുഷ്പാർച്ചന ഉണ്ടായിരുന്നു.
ജൻമം കൊണ്ട് ആലുവക്കാരനായിരുന്ന ലോഹിതദാസ് കർമ്മം കൊണ്ട് ഒറ്റപ്പാലത്തു കാരനായിരുന്നു. ലോഹിയുടെ മിക്ക സിനിമകളിലും ആ വള്ളുവനാടൻ sച്ച് പ്രകടനമാണ്. ഒറ്റപ്പാലത്തു കാരന് അപരിചിതനല്ലാത്ത ലോഹിക്ക് ഇന്നാട്ടിൽ തന്നെ ഒരു സ്മാരകം വേണെമെന്ന് നാട്ടുകാരും ഏറെ നാളായി ആവശ്യപ്പെടു ന്നുണ്ട്. അദ്ധേഹം മരിച്ച ഏതാനും ദിവസങ്ങൾക്ക് ശേഷം സ്ഥലം എംഎൽ എ അടക്കമുള്ളവർ ലെക്കിടിയിൽ തന്നെ സ്മാരകം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാൽ ആവശ്യമായ സ്ഥലം കണ്ടെത്താനോ നിർമ്മാണം ആരംഭിക്കാനോ പിന്നീടാരും മുൻകൈ എടുത്തില്ല. ഓർമ്മ ദിനത്തിൽ അനുസ്മരണം നടത്താറുള്ള ലോഹിതദാസ് അനുസ്മരണ സമിതി ഇതേ ആവശ്യം ഉന്നയിച്ച് നിരവധി തവണയാണ് സർക്കാരുകളെ സമീപിച്ചത്. ലോഹി ജീവിച്ചിരിക്കുമ്പോൾ സ്ഥിരമായി ലക്കിടിയിലെ അമരാവതിയിലെത്താറുള്ള സിനിമ രംഗത്തെ പ്രമുഖരാരും പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലെന്ന പരാതി നാട്ടുകാർക്കുമുണ്ട്.സ്മാരകമെന്ന ആവശ്യം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുമ്പോഴും അമരാവതിയിലെ കുഴിമാടത്തിൽ ലോഹിതദാസ് ഉറങ്ങുകയാണ്. ആരോടും പരിഭവമില്ലാതെ.