വഖഫ് നിയമ ഭേ​ദ​ഗതി ബിൽ ലോക്സഭ പാസാക്കി.പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി.മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം.കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം

ദില്ലി: കോൺഗ്രസ് എതിർത്തിട്ടും വഖഫ് നിയമ ഭേ​ദ​ഗതി ബിൽ ലോക്സഭയിൽ പാസായി. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.ബിൽ അവതരിപ്പിച്ച് ചർച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. ലോക്‌സഭയില്‍ വഖഫ് ബില്ലിന്മേല്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദ പ്രകടനം. കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, സമരം നടത്തുന്നവർ നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ബിജെപിക്ക് അനുകൂലമായും ഇവർ മുദ്രാവാക്യം മുഴക്കി.സമരപന്തലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പ്രദേശം ചുറ്റി സമരപന്തലില്‍ തന്നെ അവസാനിച്ചു.

14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. പ്രതിപക്ഷ അം​ഗങ്ങൾ അവതരിപ്പിച്ച ഭേദ​ഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണു​ഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2025 ഏപ്രിൽ മൂന്ന് വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബിൽ പാസായത്. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്‌ക്കെതിരെ 4D ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പ്രഖ്യാപിച്ചു.

അതേസമയം ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് മുനമ്പം സമരത്തിന്റെ ഭാഗമായവരില്‍ ഒരാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നന്ദി പറയുന്നു. തങ്ങളെ ചതിക്കാന്‍ നോക്കിയവര്‍ക്ക് തിരിച്ചടിയാണ് ലോക്‌സഭയിലെ നടപടികള്‍. വഖഫ് ബോര്‍ഡ് ഇനിയും പഠിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. തങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി ബില്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്ന എംപിമാര്‍ക്കായി ഒരു സാധനം കരുതിവെച്ചിട്ടുണ്ട്. രാഷ്ട്രീയമായി പ്രതികരിച്ചിരിക്കും. ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ തങ്ങള്‍ക്ക് എതിരായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. മുനമ്പം വിജയിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യ വിജയിച്ചു എന്നാണെന്നും മുനമ്പംകാര്‍ പറയുന്നു.

Top