ലണ്ടന്‍: ഈ പ്രപഞ്ചത്തെ കൂടാതെ മറ്റൊരു പ്രപഞ്ചമുണ്ടോ….?ശാസ്ത്രലോകത്തെ കാലങ്ങളോളം കുഴപ്പിച്ച ചോദ്യമാണ്. സമാപ്രപഞ്ചങ്ങള്‍(മള്‍ട്ടിവേഴ്‌സ്) ഉണ്ടാകാമെന്ന് പല ശാസ്ത്രജ്ഞരും പല കാലങ്ങളിലും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സമാന്തര പ്രപഞ്ചത്തിന് ആദ്യമായി തെളിവു ലഭിച്ചതായി ബ്രിട്ടനിലെ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി അവകാശപ്പെടുന്നു.
പ്രപഞ്ചത്തിലെ വിദൂരമേഖലയില്‍ കണ്ടെത്തിയ 180 കോടി പ്രകാശവര്‍ഷം വീതിയുള്ള അതിശൈത്യ പ്രദേശമാണ് മറ്റൊരു പ്രപഞ്ചത്തിന്റെ തെളിവായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 2015-ല്‍ കണ്ടെത്തിയ ഈ മേഖലയില്‍ ശരാശരി വേണ്ടതിലും പതിനായിരത്തോളം നക്ഷത്രസമൂഹങ്ങള്‍ കുറവുള്ളതായി വ്യക്തമായി. പ്രപഞ്ചത്തിലെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് 20 ശതമാനം ദ്രവ്യവും ഇവിടെ കുറവാണ്.
ഈ പ്രതിഭാസത്തിന് വിശദീകരണം നല്‍കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മറ്റൊരു പ്രപഞ്ചം നമ്മുടെ പ്രപഞ്ചത്തില്‍ കടന്നുകയറിയതാവാം ഇതിനുപിന്നിലെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. നക്ഷത്രസമൂഹങ്ങളെയും ദ്രവ്യത്തെയും അയല്‍പ്രപഞ്ചം വിഴുങ്ങിയെന്ന് ചുരുക്കം.
നമ്മുടെ പ്രപഞ്ചം കോടിക്കണക്കിനുണ്ടായേക്കാവുന്ന സമാന്തരപ്രപഞ്ചങ്ങളിലൊന്നുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നു വിഴുങ്ങിയതിന്റെ അവശിഷ്ടമാവാം ശീതമേഖലയെന്ന ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡുര്‍ഹാം സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രവിഭാഗം പ്രൊഫസര്‍ ടോം ഷാന്‍ക്‌സ് അഭിപ്രായപ്പെട്ടു.
കോര്‍നല്‍ സര്‍വകലാശാലയുടെ ആര്‍ക്കൈവ്. ഓര്‍ഗ് സൈറ്റില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റീഫന്‍ ഹോക്കിങ് ഉള്‍പ്പെടെയുള്ള വിഖ്യാത ഭൗതികശാസ്ത്രജ്ഞര്‍ അന്യപ്രപഞ്ചങ്ങള്‍ ഉണ്ടാവാമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
മറ്റ് പ്രപഞ്ചങ്ങള്‍ ഉണ്ടെങ്കില്‍ അവയിലെ ഭൗതികനിയമങ്ങള്‍ നമ്മുടെ പ്രപഞ്ചത്തില്‍നിന്ന് വ്യത്യസ്തമായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ഒരു പ്രപഞ്ചത്തില്‍നിന്ന് മറ്റൊരു പ്രപഞ്ചത്തിലേക്ക് പ്രവേശനവും സാധ്യമാവില്ലെന്നാണ് നിഗമനം.