ദേരാ സച്ചാ തലവന്‍ റാം റഹീമിന്‍റെ സഹായി ഹണി പ്രീത് സിംഗ് അതിര്‍ത്തി കടന്നതായി സംശയം. ഹണി പ്രീതിനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ പോലീസ് തിരച്ചിലും ശക്തമാക്കി. നേപ്പാള്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ഹരിയാന പോലീസ് തിരച്ചില്‍ നടത്തുന്നത്. ഹണി പ്രീത് നേപ്പാള്‍ അതിര്‍ത്തി കടന്നിരിക്കാമെന്ന സംശയമുയരുന്നതോടെയാണിത്. ഹരിയാന പോലീസ് ഗൗരിഫാന്‍റെ പോലീസുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ ഹ ണിപ്രീതിന്‍റെ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞിരുന്നുവെന്ന് ഹരിയാന പോലീസ് അഡീഷണല്‍ സൂപ്രണ്ട് ഘനശ്യാം ചൗരസ്യ വ്യക്തമാക്കി. ചൗരസ്യയെ ഉദ്ധരിച്ച് പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഹണി പ്രീത് നേപ്പാള്‍ അതിര്‍ത്തി കടന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസ് നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് മടങ്ങുകയായിരുന്നുവെന്ന് എസ്പി വ്യക്തമാക്കി. പഞ്ചാബ് രജിസ്ട്രേഷനുള്ള ഒരു വാഹനം നേപ്പാള്‍ അതിര്‍ത്തിയ്ക്ക് സമീപത്തുനിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്‍റെ ഉടമയ്ക്ക് ഹണിപ്രീതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ കാറാണ് സംശയം ജനിപ്പിച്ചത്.
ഗുര്‍മീത് സിംഗ് അറസ്റ്റിലായതിനെ തുടര്‍ന്ന് ദേരാ സച്ചാ സൗദയുടെ തലപ്പത്തേയ്ക്ക് ഹണി പ്രീത് എത്തുമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കുറ്റം. തുടര്‍ന്നാണ് പോലീസ് ഹണിപ്രീതിനെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേ സമയം അറസ്റ്റിനെ പ്രതിരോധിക്കാന്‍ ഹണി പ്രീത് ഒളിവില്‍ പോയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നാണ് ഹണിപ്രീതിനെതിരെയുള്ള കേസ്. എന്നാല്‍ കാണാതായ ഹണിപ്രീതിനെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ദത്തുപുത്രിയായ ഹണി പ്രീതിനോട് അടുപ്പക്കൂടുതലുള്ള ഗുര്‍മീത് സിംഗ് റോത്തഗ് ജയിലിലായിരിക്കെ മകളെ തനിക്കൊപ്പം പാര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതരെയും സിംഗ് ഭീഷണിപ്പെടുത്തിയിരുന്നു. ജയിലില്‍ സിംഗിനൊപ്പം കഴിയാന്‍ അനുവദിക്കണമെന്ന് ഹണി പ്രീതും ആവശ്യമുന്നയിച്ചിരുന്നു. ഹണിപ്രീതിനെ കൂടെ താമസിപ്പിക്കാന്‍ കോടതിയുടെ അനുമതിയുണ്ടെന്ന് പറഞ്ഞ് ജയില്‍ അധികൃതരെ തെറ്റിദ്ധരിപ്പിക്കാനും ഗുര്‍മീത് ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളെ പുരുഷന്‍മാരുടെ ജയിലില്‍ സഹായിയായി അനുവദിക്കാന്‍ പറ്റില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ താരമാണ് ഹണിപ്രീത് സിങ്. പപ്പയുടെ സ്വന്തം ഏഞ്ചല്‍ എന്നാണ് ഫേസ്ബുക്കില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ അഞ്ചലക്ഷത്തിലധികം ലൈക്കുകളുണ്ട് ഹണിപ്രീതിന്റെ പേജിന്. ട്വിറ്ററില്‍ പത്ത് ലക്ഷത്തിലധികം ആളുകള്‍ ഹണിപ്രീതിനെ പിന്തുടരുന്നുണ്ട്.