വൈകാരികമായി ചൂഷണം ചെയ്യുന്നു.പണപിരിക്കുന്നു.ഞങ്ങൾക്ക് പൈസ വേണ്ട; ആരും കൊടുക്കരുത്.അര്‍ജുന് 75,000 സാലറിയുണ്ടെന്ന് പറഞ്ഞത് തെറ്റ്, മനാഫിനെതിരെ കുടുംബം

കോഴിക്കോട്: മനാഫിനെതിരെ ഗുരുതര ആരാപോണങ്ങളുമായി ഷിരൂരിൽ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബം . കുടുംബത്തിന്റെ വൈകാരികത ചൂഷണം ചെയ്യുന്നത് നിര്‍ത്തണമെന്ന് കാലുപിടിച്ച് പറഞ്ഞിരുന്നതായും ഇനിയും നിര്‍ത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അര്‍ജുന്റെ കുടുംബം വ്യക്തമാക്കി. ഇമോഷനെ വിറ്റ് എല്ലാം ഒരാൾ ആണ് നടത്തിയത് എന്ന് സ്ഥാപിക്കുകയാണ്. നിര്‍ത്തിയില്ലെങ്കില്‍ മനാഫിനെതിരെ നിയമ നടപടി സ്വീകരിക്കും. പല ഫണ്ടുകളും അയാൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾക്ക് പൈസ വേണ്ട. ഞങ്ങൾ ആരോടും പണം ആവശ്യപ്പെട്ടില്ല. ആരും പണം കൊടുക്കരുത്. മനാഫ് ഫണ്ട് പിരിവ് നടത്തിയെന്നല്ല പറയുന്നത്. പലരും അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകുന്നതായി അറിഞ്ഞിട്ടുണ്ട്. അങ്ങെ ആരും പണം കൊടുക്കരുതെന്നാണ് പറയുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നു. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മനാഫ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കള്ളം പറയുകയാണെന്നും ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ആളുകളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളാരും മനാഫിന് പണം നല്‍കരുതെന്നും തങ്ങള്‍ അത് സ്വീകരിക്കുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. യൂട്യൂബ് ചാനലുകള്‍ ആക്ഷേപിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘അര്‍ജുനെ ലഭിച്ചു. എല്ലാവരോടും നന്ദി പറഞ്ഞു. ഇനി മാധ്യമങ്ങളെ കാണരുതെന്ന് വിചാരിച്ചതാണ്. പക്ഷേ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണം നേരിടുകയാണ്. പലയാളുകളും കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്ത് മറ്റൊരു രീതിയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. അര്‍ജുനെ കണ്ടെത്തുകയെന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി ഞങ്ങളെത്തി. ചില വ്യക്തികള്‍ വൈകാരികമായി മാര്‍ക്കറ്റ് ചെയ്തു. അത് കാണുമ്പോള്‍ ഞങ്ങള്‍ വിഷമ ഘട്ടത്തിലാണ്. യൂട്യൂബ് ചാനലുകളില്‍ പ്രചരിപ്പിക്കുന്നത് അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടും ജീവിക്കാന്‍ സാധിക്കുന്നില്ലെന്നാണ്, അത് തെറ്റാണ്. ഇതുവരെ അര്‍ജുന് 75,000 രൂപ സാലറി കിട്ടിയിട്ടില്ല. ഇതിന്റെ പേരില്‍ രൂക്ഷമായ ആക്രമണം നേരിട്ടു. അര്‍ജുന്റെ പണമെടുത്ത് ജീവിക്കുന്ന സഹോദരിമാര്‍, സഹോദരന്മാര്‍. അര്‍ജുന്‍ മരിച്ചത് നന്നായിയെന്ന പോലുള്ള കമന്റുകള്‍ കേട്ടപ്പോള്‍ തകര്‍ന്ന് തരിപ്പണമായി,’ ജിതിന്‍ പറഞ്ഞു.

അര്‍ജുന്‍ ഭാര്യ കൃഷ്ണപ്രിയയ്ക്കും മകനും ജീവിക്കേണ്ട സാഹചര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഏത് ഘട്ടത്തിലും ഒരുമിച്ച് മുന്നേറുമെന്നും ജിതിന്‍ പറഞ്ഞു. ഈ വൈകാരികത ചൂഷണം ചെയ്യുന്നതില്‍ നിന്ന് മനാഫ് പിന്മാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. അയനെ നാലാമത്തെ കുട്ടിയായി വളര്‍ത്തുമെന്ന അദ്ദേഹത്തിന്‍റെ പ്രതികരണം കൃഷ്ണപ്രിയയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും അങ്ങനൊരു ആവശ്യം തങ്ങള്‍ മുന്നോട്ട് വെച്ചില്ലെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടി പണം തരുന്നയാളുകളുണ്ടെന്ന് കൃഷ്ണപ്രിയയും വ്യക്തമാക്കി. ചിലര്‍ കുറച്ച് പൈസയുമായി വന്ന് അയാന് കൊടുത്ത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നുവെന്നും മനാഫിന്റെ കൂടെ വന്നവരാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അര്‍ജുന്റെ ബൈക്ക് നന്നാക്കാന്‍ കൊടുത്തത് മനാഫ് അല്ലെന്നും അര്‍ജുന്‍ തന്നെ പൈസ കൊടുത്ത് നന്നാക്കിയതാണെന്നും അവര്‍ പറഞ്ഞു. ഇനിയും തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കുമെന്നും കൃഷ്ണപ്രിയ പറഞ്ഞു.

‘അമ്മയുടെ വൈകാരികതയെ ചൂഷണം ചെയ്തും മാര്‍ക്കറ്റിംഗ് നടത്തുന്നു. ലൈവാണ് പോവുന്നതെന്നറിയാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് അയാള്‍ അമ്മയെ വിളിക്കുന്നു. സുഖമില്ലാത്ത അമ്മയെ വിളിച്ച് തെറ്റിദ്ധരിപ്പിക്കുന്നു,’ കുടുംബം പറഞ്ഞു.

ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെയും കുടുംബം രംഗത്തെത്തി. ‘മൂന്നാം ഘട്ട തിരച്ചിലില്‍ മാല്‍പെയുടെ ആവശ്യമുണ്ടായിരുന്നില്ല. മാല്‍പെയും മനാഫും നാടകം കളിച്ച് രണ്ട് ദിവസം നഷ്ടമാക്കി. മാല്‍പെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി യുട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ പറഞ്ഞു,’ അവര്‍ പറഞ്ഞു.

മനാഫിനും യൂട്യൂബ് ചാനലുണ്ടെന്നും അവര്‍ വ്യക്തമാക്കി. ‘മനാഫിനും യൂട്യൂബ് ചാനലുണ്ട്. യൂട്യൂബ് ചാനലിന് വേണ്ടിയുള്ള നാടകമായിരുന്നു. അര്‍ജുനെ കിട്ടിയാല്‍ എല്ലാം നിര്‍ത്തുമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല. ട്രെഡ്ജര്‍ വരില്ലെന്ന് പറഞ്ഞ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചും നാടകം കളിച്ചു. കാര്‍വാര്‍ എസ്പിയും എംഎല്‍എയും മനാഫിനെ അവിടെ നിന്ന് മാറ്റാന്‍ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നിട്ടും മനുഷ്യത്വത്തിന്റെ പേരിലാണ് അത് ചെയ്യാതിരുന്നത്,’ കുടുംബം അറിയിച്ചു. കേരള-കര്‍ണാടക സര്‍ക്കാര്‍, മുഖ്യമന്ത്രിമാര്‍, എംഎല്‍എമാര്‍, എംപി, മാധ്യമങ്ങള്‍ തുടങ്ങി മനാഫിനും ഈശ്വര്‍ മാല്‍പയും അടക്കം കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.

Top