ജര്‍മ്മനി : സെപ്റ്റംബര്‍ ഒന്നിന് കടലില്‍ നഷ്ടപ്പെട്ട ക്യാമറ 800 കിലോമീറ്റര്‍ സഞ്ചരിച്ച് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഉടമയുടെ കൈകളില്‍ തന്നെയെത്തി. ജര്‍മ്മനിയിലാണ് അത്യന്തം കൗതുകകരമായ സംഭവമുണ്ടായത്. കിഴക്കന്‍ യോര്‍ക്ക്‌ഷെയറിലെ ത്രോണ്‍വിക്ക് കടലിടുക്കിലാണ് ക്യാമറ നഷ്ടപ്പെട്ടത്. പ്രസ്തുത വാട്ടര്‍ പ്രൂഫ് ക്യാമറ ഡോഗര്‍ലാന്‍ഡിലൂടെ ഒഴുകി നടന്ന് ഒടുവില്‍ വാഡന്‍ കടലിലെ സുഡേറോയിക് ദ്വീപിന്റെ തീരത്ത് വന്നടിഞ്ഞു. ഇവിടത്തെ തീരസംരക്ഷണ ഉദ്യോഗസ്ഥരായ നീല്‍ വറി, ഹോള്‍ഗര്‍ സ്പ്രയര്‍ എന്നിവരുടെ കൈകളിലാണ് ക്യാമറ വന്നണഞ്ഞത്. ഇതില്‍ നിന്ന് ലഭിച്ച 11 മിനിട്ട് നീളമുള്ള ഒരു വീഡിയോ ഇവര്‍ ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തു. ഇത്തരമൊരു ക്യാമറ കളഞ്ഞുകിട്ടിയതായും ഉടമസ്ഥന്‍ ബന്ധപ്പെടണമെന്നും നീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒടുവില്‍ 12 ദിവസങ്ങള്‍ക്ക് ശേഷം ഒരു പത്തുവയസ്സുകാരന്‍ ഇവരെ ബന്ധപ്പെട്ടു. വില്യം എന്ന ബാലന് 2016 ലെ ക്രിസ്മസിന് അച്ഛന്‍ സമ്മാനിച്ചതായിരുന്നു ആ ക്യാമറ. ഇതോടെ നീലും ഹോള്‍ഗറും വില്ല്യമിനെ സുഡേറോയിക് ദ്വീപിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. തിരിച്ചുകിട്ടില്ലെന്ന് കരുതിയ അമൂല്യ സമ്മാനമാണ് വില്ല്യമിനെ തേടി ഇത്രനാളുകള്‍ക്ക് ശേഷം തിരിച്ചെത്തുന്നത്. അതിന്റെ ആഹ്ലാദത്തിലാണ് ഈ പത്തുവയസ്സുകാരന്‍.