ക്രൈം ഡെസ്‌ക്
കോട്ടയം: നാഗമ്പടം ബസ്റ്റാന്ഡിൽ ലോട്ടറി വിൽപനക്കാരനെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗമ്പടം ബസ് സ്റ്റാൻഡിലെ ലോട്ടറി വിൽപനക്കാരൻ കുമ്മനം പീടികപ്പറമ്പിൽ സന്തോഷി(35)നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുടമാളൂർ പിച്ചനാട്ട് ലക്ഷംവീട് കോളനിയിൽ കാരിച്ചാൽ അജയനെ(36)യാണ് പൊലീസ് അറസ്റ്റ് ചെയ്ത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനു അജയൻ സന്തോഷിനോടു പണം ആവശ്യപ്പെടുകയായിരുന്നു. സന്തോഷ് പണം നൽകാതെ വന്നതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നു ഇരുവരും തമ്മിൽ സംഘർഷത്തിൽ കലാശിച്ചു. ഇതിനിടെ സമീപത്തെ തട്ടുകയിൽ നിന്നുള്ള കത്തിയെടുത്ത് അജയൻ സന്തോഷിന്റെ കഴുത്തിൽ കുത്തി. കുത്തേറ്റ് സന്തോഷ് നിലത്തു വീണതോടെ അജയൻ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടു. സന്തോഷിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവ സ്ഥലത്തു നിന്നും ഓട്ടോറിക്ഷയിൽ രക്ഷപെട്ട അജയനെ പിന്നീട് ബേക്കർ ജംക്ഷനിൽ നിന്നും അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രൻ, ഡിവൈഎസ്പി ഗിരീഷ് പി.സാരഥി, സിഐ അനീഷ് വി.കോര, ഈസ്റ്റ് എസ്‌ഐ യു.ശ്രീജിത്ത്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ അജിത്, ഷിബുക്കുട്ടൻ, ഐ.സജികുമാർ, ബിജുമോൻ നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.