
രാഷ്ട്രീയ ലേഖകൻ
ന്യൂഡൽഹി: കേരളത്തിൽ ആദ്യ താമരവിരിയിച്ച ബിജെപിയ്ക്കു കേന്ദ്രത്തിന്റെ വക സമ്മാനം. ബിജെപിയുടെ ഏക എംപി സുരേഷ്ഗോപിയ്ക്കു കേന്ദ്ര മന്ത്രിസ്ഥാനം നൽകിയാണ് ബിജെപി വാഗ്ദാനം നിറവേറ്റുന്നത്. കേന്ദ്രത്തിലെ സഹമന്ത്രിസ്ഥാനം സുരേഷ്ഗോപിക്കു നൽകുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജേശേഖരനുമായി ചർച്ച നടത്തിയിരുന്നു.
ബിജെപിക്കു കേരളത്തിൽ ശക്തമായ മത്സരം കാഴ്ച വയ്ക്കാനും, ഒരു സീറ്റ് വിജയിക്കാനും സാധിച്ചത് സുരേഷ്ഗോപിയുടെ കൂടി ശക്തമായ പിൻതുണ ലഭിച്ചതിനെ തുടർന്നാണെന്നു കുമ്മനം രാജശേഖരൻ ബിജെപി കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ബിജെപി നേടിയ തിളക്കമാർന്ന നേട്ടത്തിന്റെ കൂടി പങ്കാളി എന്ന നിലയിൽ സുരേഷ് ഗോപിയ്ക്കു കേന്ദ്രമന്ത്രി സ്ഥാനം നൽകാൻ ഒരുങ്ങുന്നത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി, വാണിജ്യകാര്യ സഹമന്ത്രി, വിദേശകാര്യ സഹമന്ത്രി എന്നീ സ്ഥാനങ്ങളിൽ ഒന്നാണ് ഒരുങ്ങുന്നത്. അടുത്ത ആഴ്ച തന്നെ ഇതു സംബന്ധിച്ചു പ്രഖ്യാപനം ഉണ്ടായേക്കും. കേന്ദ്രത്തിൽ ഒരു മാസത്തിനുള്ളിലുണ്ടാകുന്ന മന്ത്രിസഭയുടെ അഴിച്ചു പണിയിലാണ് ഇപ്പോൾ സുരേഷ് ഗോപിയെയും ഉൾപ്പെടുത്താൻ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സുരേഷ് ഗോപിയ്ക്കു എംപി സ്ഥാനം നൽകിയത് തിരഞ്ഞെടുപ്പിൽ വൻ നേട്ടമായെന്നും കേന്ദ്ര നേതൃത്വം കരുതുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി ഇപ്പോൾ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി കേരളത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ ഒരുങ്ങുന്നത്.