മൈസൂരു: സംഘപരിവാര സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടയില്‍ പ്രണയ ജോഡികള്‍ വിവാഹിതരായി. ഭിന്നമതക്കാരായ എം.ബി.എ ബിരുദധാരികളുടെ വിവാഹം. ഷക്കീല്‍ അഹ്മദും അഷിതയുമാണ് മൈസൂരുവിലെ ഒരു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹിതരായത്. പഠന കാലം മുതലേ സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചതോടെ ഇവരുടെ വിവാഹത്തിന് മാതാപിതാക്കള്‍ സമ്മതം മൂളുകയായിരുന്നു. പക്ഷെ ഹിന്ദു യുവതിയെ മുസ്ലീം സമുദായത്തിലേക്ക് വിവാഹം കഴിച്ചയക്കുന്നത് ലൗജിഹാദായി വ്യാഖ്യാനിച്ച് തീവ്ര ഹിന്ദു സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.
കല്യാണത്തിന്റെ സമയത്ത് വധുവിന്റെ വീടിന് പുറത്ത് ഹിന്ദുത്വ ഗ്രൂപ്പുകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുസ് ലിമായ ഷക്കീല്‍ ലവ് ജിഹാദിലൂടെ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതംമാറ്റാനുള്ള ശ്രമത്തിലാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രണയം മാത്രമാണ് പിന്നിലെങ്കില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ ഇത് നിര്‍ബന്ധപൂര്‍വം മതംമാറ്റാനുള്ള ശ്രമമാണെന്നും വി.എച്ച്.പി നേതാവ് ബി. സുരേഷ് പറഞ്ഞു.
എന്നാല്‍ ഈ പ്രതിഷേധം വിവാഹ ചടങ്ങിലേക്ക് വലിച്ചിഴക്കാന്‍ കുടുംബം തയാറല്ല. ഇന്ത്യയില്‍ എല്ലാവരും തുല്യരാണെന്ന് അഷിതയുടെ പിതാവ് ചോ. നരേന്ദ്ര ബാബു പറഞ്ഞു. എല്ലാവരും തുല്യരാണ് എന്ന സന്ദേശമാണ് പ്രതിഷേധക്കാര്‍ക്ക് നല്‍കാനുള്ളത്. അവര്‍ അത് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏറെ സന്തോഷം തരുന്ന സന്ദര്‍ഭമാണെന്ന് ഷക്കീലിന്റെ പിതാവ് മുഖ്താര്‍ അഹ്മദ് പറഞ്ഞു. എല്ലാവരും ആഘോഷിക്കുമ്പോള്‍ 0.01 ശതമാനം പേര്‍ പ്രതിഷേധിച്ചിട്ട് എന്ത് കാര്യമാണുള്ളതെന്നും ശര്‍ക്കര വ്യാപാരിയായ മുഖ്താര്‍ അഹ്മദ് ചോദിച്ചു.
28കാരായ അഷിതയും ഷക്കീലും വര്‍ഷങ്ങളായി പരിചയമുള്ളവരാണ്. അയല്‍വാസികളാണ് ഇരുവരുടെയും കുടുംബം. സ്‌കൂളിലും കോളജിലും എം.ബി.എ പഠനത്തിലും ഇരുവരും ഒന്നിച്ചായിരുന്നു. 12 വര്‍ഷമായി ഇവര്‍ പ്രണയത്തിലാണെന്നും കുടുംബം പറയുന്നു. വിവാഹം നടക്കുന്നതിന് ദിവസങ്ങള്‍ക്കുമുമ്പു തന്നെ ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധം ആരംഭിച്ചിരുന്നു. സംഭവത്തില്‍ രണ്ടു പേരെ നേരത്തെ മാണ്ഡ്യയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമായിരുന്നു വിവാഹവേദിയില്‍ ഉണ്ടായിരുന്നത്. എഴുത്തുകാരനായ കെ.എസ് ഭഗവാന്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. തന്റെ എഴുത്തുകളിലൂടെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധവും ഭീഷണിയും ഏറ്റവാങ്ങിയയാളാണ് കെ.എസ് ഭഗവാന്‍