ന്യൂഡല്‍ഹി: കേരളത്തില്‍ മുസ്ലിംഹിന്ദു പ്രണയിതാക്കളെ ലവ് ജിഹാദ് ആരോപിച്ച് ഭീഷണിപ്പെടുത്തി വേര്‍പെടുത്താന്‍ കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റുകളും സഹായിച്ചുവെന്ന്് തീവ്ര സംഘ്പരിവാര്‍ നേതാവിന്റെ വെളിപ്പെടുത്തല്‍. മുസഫര്‍നഗര്‍ കലാപത്തിനുള്‍പ്പെടെ വഴിതെളിയിച്ച ലവ് ജിഹാദ് ആരോപണത്തിന്റെ മറവില്‍ മുസ്ലിം യുവാക്കള്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമക്കുകയും തല്ലിച്ചതക്കുകയും ചെയ്തതായി കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പിവി.എച്ച്.പി നേതാക്കളും വ്യക്തമാക്കി. ലവ് ജിഹാദ് ആരോപണങ്ങളുടെ നേരുതേടി വാര്‍ത്താ വെബ്‌സൈറ്റുകളായ ഗുലൈലും കോബ്രാപോസ്റ്റും നടത്തിയ അന്വേഷണത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.
ഹിന്ദുയുവതികളെ വിവാഹംചെയ്യാന്‍ ശ്രമിക്കുന്ന മുസ്ലിം ചെറുപ്പക്കാര്‍ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെ ഇല്ലാക്കേസുകള്‍ ചുമത്തി സമ്മര്‍ദം ചെലുത്തലാണ് രീതിയെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഘ്‌നേതാക്കള്‍ ഒളിക്കാമറക്കു മുന്നില്‍ തുറന്നുപറഞ്ഞു. യുവതികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്‌ളെന്നു കാണിച്ച് വ്യാജരേഖകള്‍ തയാറാക്കുമെന്നും ഇതിന് അഭിഭാഷകര്‍ സഹായം ചെയ്യാറുണ്ടെന്നും നേതാക്കള്‍ പറയുന്നു. കോടതിയില്‍ ഭര്‍ത്താവിനെതിരെ മൊഴി നല്‍കിയില്‌ളെങ്കില്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് താക്കീതുനല്‍കി യുവതികളുടെ മനസ്സുമാറ്റാനും ശ്രമിക്കും.
മുസ്ലിമുമായി ബന്ധത്തില്‍നിന്ന് പിന്മാറി തങ്ങള്‍ നിര്‍ദേശിക്കുന്ന യുവാവുമായി വിവാഹത്തിനു സമ്മതിക്കാത്തപക്ഷം ഇരുവരെയും കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്ന് കാസര്‍കോട്ടെ ഹിന്ദു യൂനിറ്റി ഫോറം മേധാവി രവീഷ് തന്ത്രി വ്യക്തമാക്കി. മുസ്ലിം ഭര്‍ത്താവില്‍നിന്ന് വേര്‍പെടുത്തിക്കൊണ്ടുവരുന്ന ഹിന്ദുയുവതികളെ കൗണ്‍സലിങ്ങിന് വിധേയമാക്കിയിട്ടും ഫലമില്‌ളെങ്കില്‍ ആശുപത്രിയില്‍ പ്രത്യേക സെല്ലിലടക്കുകയും ഓര്‍മ നശിക്കാന്‍ മരുന്നുകള്‍ നല്‍കുകയും ചെയ്യാറുണ്ടെന്ന് എറണാകുളത്തെ ഹിന്ദു ഹെല്‍പ്ലൈനില്‍ പ്രവര്‍ത്തിക്കുന്ന സിജിത്ത് പറയുന്നു. കലാപങ്ങളുണ്ടാക്കാന്‍ തനിക്ക് ഒറ്റക്ക് കഴിയില്‌ളെന്നും എന്നാല്‍, അതിനു സാഹചര്യമൊരുക്കാന്‍ ശ്രമിക്കുകയാണെന്നും വ്യക്തമാക്കിയ ഇയാള്‍ മുസ്ലിംകളില്‍ ഭീകരവാദ പ്രതിച്ഛായ പടര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫലംകാണുന്നുണ്ടെന്നും പറയുന്നു.
പുതുതായി പൊലീസ് സേനയില്‍ ചേരുന്നവരില്‍ 60 ശതമാനവും ആര്‍.എസ്.എസ് ബന്ധമുള്ളവരാണെന്നും ആരു ഭരിച്ചാലും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാനായി സംഘ്ബന്ധമുള്ള ചെറുപ്പക്കാരോട് പൊലീസില്‍ കയറിപ്പറ്റാന്‍ നിര്‍ദേശം നല്‍കാറുണ്ടെന്നും മംഗളൂരുവിലെ ബി.ജെ.പി കൗണ്‍സിലര്‍ ക്യാപ്റ്റന്‍ ഗണേഷ് കാര്‍ണിക് വെളിപ്പെടുത്തി.
മുസഫര്‍നഗറിലും മീറത്തിലും കടുത്ത വര്‍ഗീയധ്രുവീകരണത്തിന് കാരണമായ ലവ് ജിഹാദ് ആരോപണം ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ പ്രചരിപ്പിച്ച കിംവദന്തിയില്‍നിന്ന് ഉടലെടുത്തതാണെന്ന് കേസന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ ഒളിക്കാമറക്കു മുന്നില്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രമന്ത്രി സഞ്ജീവ്കുമാര്‍ ബല്യാണ്‍, വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ ബി.ജെ.പി എം.എല്‍. സംഗീത് സോം, വി.എച്ച്.പി, ദുര്‍ഗാവാഹിനി, കൃഷ്ണസേന നേതാക്കളും പ്രവര്‍ത്തനരീതികള്‍ തുറന്നുപറയുന്നുണ്ട്.