തൃശൂര്‍: വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായ് സംഘടിപ്പിച്ച ബോചെ പ്രണയലേഖനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം തൃശൂരില്‍ നടന്ന ചടങ്ങില്‍ ബോചെ നിര്‍വഹിച്ചു. അഞ്ച് ആഴ്ചകളിലായി ലഭിച്ച പ്രണയലേഖനങ്ങളില്‍ നിന്നും ബംബര്‍ വിജയിയായി സബീന എം സാലിയെ തിരഞ്ഞെടുത്തു. ബംബര്‍ വിജയിക്കും കുടുംബത്തിനും മൂന്നാറില്‍ ഒരു ദിവസത്തിന് 25000 രൂപ ചിലവ് വരുന്ന കാരവന്‍ യാത്രയും താമസവും ഭക്ഷണവും സൗജന്യമായി ലഭിക്കും.
സിനിമാ-സാഹിത്യ രംഗത്തെ പ്രമുഖവ്യക്തിത്വങ്ങളായ വി.കെ. ശ്രീരാമന്‍, ഒമര്‍ ലുലു, ജസ്‌ല മാടശ്ശേരി, പരീക്കുട്ടി, ശരണ്യ ഷാജി, മനോജ്, നന്ദകിഷോര്‍, ബിനോയ് ഡേവിഡ്‌സണ്‍ എന്നിവരടങ്ങുന്ന ജഡ്ജിങ്ങ് പാനലാണ് പതിനായിരത്തോളം പ്രണയലേഖനങ്ങളില്‍ നിന്നും മികച്ചവ തിരഞ്ഞെടുത്തത്.
അക്ഷരങ്ങളിലൂടെയുള്ള പ്രണയം / അക്ഷരങ്ങളോടുള്ള പ്രണയം എന്നീ ശീര്‍ഷകങ്ങളിലായി, പ്രണയം മനസ്സിലുള്ള ഏവര്‍ക്കും വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്. ഓരോ ആഴ്ചയിലും തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേര്‍ക്ക് വീതം സ്വര്‍ണനാണയവും റോള്‍സ് റോയ്‌സില്‍ സൗജന്യ യാത്രയും ലഭിക്കും.
കൂടാതെ തിരഞ്ഞെടുക്കപ്പെട്ട 90 പേര്‍ക്ക് പ്രോത്സാഹനസമ്മാനമായി ബോബി ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യതാമസവുമാണ് ലഭിച്ചിരിക്കുന്നത്. സമ്മാനാര്‍ഹമായ 100 പ്രണയലേഖനങ്ങള്‍ക്കൊപ്പം ബോചെ എഴുതിയ പ്രണയലേഖനവും ചേര്‍ത്ത് 101 പ്രണയലേഖനങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.