ക്രൈം ഡെസ്‌ക്
മൊസൂൾ: പെൺകുട്ടികളെ പ്രണയത്തിൽ കുടുക്കി ഐഎസിലേയ്ക്കു ആകർഷിക്കുന്നതിനായി ഐഎസ് തീവ്രവാദി സംഘത്തിന്റെ ലവ് ട്രാപ്പ് ഗ്രൂപ് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. സ്വീഡണിലെ പതിനഞ്ചുകാരിയായ പെൺകുട്ടിയെ പ്രണയ ട്രാപ്പിൽ കുടുക്കി ഐഎസ് തീവ്രവാദികൾ ഇറാക്കിലേയ്ക്കു തട്ടിക്കൊണ്ടു പോയതിനെപ്പറ്റിയുള്ള അന്വേഷണത്തിലാണ് ലവ് ട്രാപ്പിന്റെ വിവരങ്ങൾ പുറത്തു വന്നത്. ലവ് ട്രാപ്പിൽ കുടുങ്ങിയ പെൺകുട്ടികളെ ഐഎസിന്റെ മുതിർന്ന തലവൻമാർ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും സൈന്യം കണ്ടെത്തിയിട്ടുണ്ട്. അഞ്ഞൂറിലേറെ പെൺകുട്ടികളെ ഇത്തരത്തിൽ തട്ടിക്കൊണ്ടു പോയതായും സൈന്യം കണ്ടെത്തിയിട്ടുണ്ട്.
സോഷ്യൽ മീഡിയായിലുടെ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരെ തട്ടിക്കൊണ്ടു പോകുന്ന രീതിയാണ് ഐഎസ് പരീക്ഷിക്കുന്നത്. യൂറോപ്പ്, അമേരിക്ക മേഖലകളിൽ നിന്നുള്ള പെൺകുട്ടികളെയാണ് കൂടുതലായും ഐഎസ് തീവ്രവാദികൾ കെണിയിൽപെടുത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീവ്രവാദികളിൽ ഏറെ സുന്ദരന്മാരായവരെയാണ് ഇത്തരത്തിൽ പ്രണയകെണിയൊരുക്കാൻ നിയോഗിച്ചിരിക്കുന്നത്.
കാനഡയിൽ നിന്നുള്ള ഒരു പെൺകുട്ടിയെ സംഘം തട്ടിയെടുത്തത് വീഡിയോ ചാറ്റിങ്ങിലൂടെ അശഌല ദൃശ്യങ്ങൾ സൃഷ്ടിച്ച ശേഷമാണെന്നും സൈന്യം കണ്ടെത്തിയിട്ടുണ്ട്. കാമുകനായി ചമഞ്ഞെത്തിയ ഐഎസ് തീവ്രവാദി സ്‌കൈപ്പിലൂടെ പെൺകുട്ടിയുടെ നഗ്നത പകർത്തുകയായിരുന്നു. തീവ്രവാദിയുടെ നിർദേശം അനുസരിച്ചു വസ്ത്രങ്ങൾ മാറ്റിയ പെൺകുട്ടി ഇയാൾക്കു തന്റെ നഗ്നത കാട്ടിക്കൊടുത്തു. ഈ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചു ഇയാൾ പെൺകുട്ടിയെ ബ്ലാക്‌മെയിൽ ചെയ്യുകയും തട്ടിയെടുക്കുകയുമായിരുന്നു.
ഇറാഖിലെ മൊസൂളിൽ കുർദിഷ് സ്‌പെഷ്യൽ ടാസ്‌ക്‌ഫോഴ്‌സ് നടത്തിയ ആക്രമണത്തിൽ ഐഎസ് കേന്ദ്രത്തിൽ നിന്നും അൻപതിലേറെ പെൺകുട്ടികളെ ഇത്തരത്തിൽ മോചിപ്പിച്ചിരുന്നു. ഈ പെൺകുട്ടികളിൽ പതിനഞ്ചു പേർ ഗർഭിണികളായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലെ ഐഎസ് ഇടപാടുകൾ സംബന്ധിച്ചു നിരീക്ഷണം നടത്തുന്നതിനാണ് ഇപ്പോൾ സംയുക്ത സൈന്യം ആലോചിക്കുന്നത്.