
സ്വന്തം ലേഖകൻ
ആലപ്പുഴ: കാമുകനെ ഒഴിവാക്കാൻ കൂട്ട ബലാത്സംഗത്തിനിരയായതായി കള്ളം പറഞ്ഞ കാമുകിയും സുഹൃത്തും പൊതുസ്ഥലത്തു വച്ചു യുവാവിന്റെ അടി വാങ്ങി. ആലപ്പുഴ കുട്ടനാട് വെളിയനാട് സ്വദേശിയായ പെൺകുട്ടിയും കോട്ടയം മാന്നാനം സ്വദേശിയായ യുവാവുമാണ് എസി കനാൽ റോഡിൽ വച്ച് സുഹൃത്തിന്റെ തല്ലുവാങ്ങിയത്. മൂന്നു പേരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു വീട്ടുകാരെ വിളിച്ചു വരുത്തിയാണ് പൊലീസ് വിട്ടയച്ചത്.
നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായ പെൺകുട്ടിയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവും തമ്മിൽ മൂന്നു വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പെൺകുട്ടി താൻ ബലാത്സംഗത്തിനിരയായതായും തന്നെ മറക്കണമെന്നും കാട്ടി കാമുകനായ യുവാവിനു വാട്‌സ് അപ് സന്ദേശം അയച്ചു. ഇതേ തുടർന്നു നിരാശനായ കാമുകൻ പെൺകുട്ടിയെ തിരികെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഒരാഴ്ചയോളം പെൺകുട്ടിയെ തിരക്കി നടന്ന ശേഷമാണ് യുവാവിനു ഇവരുടെ വീട് കണ്ടെത്താൻ സാധിച്ചത്. വീട്ടിലെത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.
പെൺകുട്ടിയുടെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ആലപ്പുഴ എസി കനാൽ റോഡിൽ വച്ച് പെൺകുട്ടിയും മറ്റൊരു യുവാവും കൂടി കാറിൽ സഞ്ചരിക്കുന്നത് കാമുകനായ യുവാവ് കാണുകയായിരുന്നു. തുടർന്നു ഇയാൾ കാറിനെ പിൻതുടർന്നു പെൺകുട്ടിയെയും യുവാവിനെയും തടഞ്ഞു നിർത്തി. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനിടെ ഉന്തും തള്ളും രൂക്ഷമായി. ഇതിനിടെ താൻ വിവാഹിതയാകാൻ പോകുകയാണെന്നും, കാറിലുള്ളയാളാണ് തന്റെ പ്രതിശ്രുത വരനെന്നും പെൺകുട്ടി കാമുകനോടു പറഞ്ഞു. ഇരുവരും കാറിൽ രക്ഷപെടാൻ ശ്രമിച്ചെങ്കിലും കാമുകനായ യുവാവ് സമ്മതിച്ചില്ല,. ഒടുവിൽ സംഘർഷം രൂക്ഷമായതോടെ നാട്ടുകാർ ഇടപെട്ടു പൊലീസിനെ വിളിച്ചു. പൊലീസ് എത്തി മൂന്നു പേരെയും സ്റ്റേഷനിലെത്തിച്ചു. വീട്ടുകാരെ വിളിച്ചു വരുത്തി വിടുകയായിരുന്നു. രണ്ടു പേരെയും ഒരേ സമയം പെൺകുട്ടി പ്രണയച്ചതാണ് സംഘർഷങ്ങൾക്കു കാരണമായതെന്നു പൊലീസ് പറഞ്ഞു.