തന്നെ ഉപേക്ഷിച്ച കാമുകന്റെ മുഖത്ത് യുവതി ആസിഡൊഴിച്ചു; ആസിഡൊഴിച്ചത് മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടെ

സ്വന്തം ലേഖകൻ
ബംഗളൂരു: കാമുകന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കിയ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് അറസ്റ്റിൽ. ബംഗളൂരു വിക്രം ആശുപത്രിയിലെ നഴ്‌സ് ലിഡിയ (26) ആണ് അറസ്റ്റിലായത്. വസ്ത്രവ്യാപാരിയായ ജയകുമാറാണ് (32) ആക്രമണത്തിന് ഇരയായത്. വിജയ്‌നഗറിലായിരുന്നു സംഭവം. ജയകുമാറും ലിഡിയയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ ജയകുമാർ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. തന്നെ വിവാഹം കഴിക്കണമെന്ന് ലിഡിയ അഭ്യർഥിച്ചെങ്കിലും ജയകുമാർ നിലപാട് മാറ്റാൻ തയാറായില്ല.
അവസാനമായി കാര്യങ്ങൾ കണ്ടു സംസാരിക്കണമെന്ന് ലിഡിയ ആവശ്യപ്പെട്ടതോടെ ജയകുമാർ സംഭവദിവസം വൈകുന്നേരം വിജയ്‌നഗറിലെ ക്ഷേത്രത്തിനടുത്തെത്തി. സുന്ദരിയായി വസ്ത്രം ധരിച്ച് ലിഡിയയും എത്തി. ബന്ധം വേർപ്പെടുത്തരുതെന്നും തനിക്ക് ഇപ്പോഴും ജയകുമാറിനെ ഇഷ്ടമാണെന്നും ലിഡിയ പറഞ്ഞുനോക്കി. എന്നാൽ തനിക്കു കൂടുതൽ മെച്ചമുള്ള ആലോചനയാണ് വന്നിരിക്കുന്നതെന്ന് യുവാവ് മറുപടി നല്കി. ഇതോടെ കോപാകുലയായ യുവതി ആദ്യം കാമുകന്റെ മുഖത്തടിച്ചു. പിന്നെ കൈയിലിരുന്ന ആസിഡ് പെൺകുട്ടി ജയകുമാറിന്റെ മുഖത്തേക്ക് സ്‌പ്രേ ചെയ്യുകയായിരുന്നു. ആശുപത്രിയിൽ നിന്നു കൈക്കലാക്കിയ ബാത്ത്‌റൂം ക്ലീൻ ചെയ്യുന്ന ആസിഡാണ് യുവതി കാമുകനുനേരെ ഉപയോഗിച്ചത്. ലിഡിയ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
2011 മുതൽ ലിഡിയയും ജയകുമാറും തമ്മിൽ തീവ്രപ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാർ ബന്ധത്തിന് എതിരായിരുന്നു താനും. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരായിരുന്നു. വീട്ടുകാരുടെ എതിർപ്പിന് കാരണവും ഇതുതന്നെയായിരുന്നു. മതം മാറിയാൽ മാത്രമേ ലിഡിയയെ വിവാഹം കഴിക്കാനാകുവെന്ന് ജയകുമാർ നിലപാടെടുത്തതാണ് ഇരുവരും തമ്മിൽ തെറ്റാൻ കാരണം. എന്തായാലും ലിഡിയയുടെ ആസിഡ് പ്രയോഗത്തിന്റെ വാർത്ത ദേശീയമാധ്യമങ്ങളിൽ വരെ ചർച്ചയായിരിക്കുകയാണ്.
Top