അബുദാബി: കാമുകന് വേണ്ടി കോടികളുടെ തട്ടിപ്പ് നടത്തിയ ബാങ്ക് ജീവനക്കാരി കുടുങ്ങി. 20 മില്യണ്‍ ദിര്‍ഹം(ഏകദേശം 35 കോടിയോളം രൂപ) ആണ് കാമുകനും ഇയാളുടെ സഹോദരങ്ങള്‍ക്കും ആഢംബര ജീവിതം നയിക്കാന്‍ യുവതി തിരിമറി നടത്തി നല്‍കിയത്. ഈ പണം ഉപയോഗിച്ച് കാമുകന്‍ നിരവധി കാറുകളും മറ്റ് വസ്തുക്കളും എല്ലാം മേടിച്ചുകൂട്ടി. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ജീവനക്കാരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് ബാങ്ക്. അബുദാബി ക്രിമിനല്‍ കോടതിയിലാണ് കേസ്. തിരിമറിയിലൂടെ നേടിയ പണം ഉപയോഗിച്ച് വാങ്ങിയ എല്ലാ വസ്തു വകകളും ബാങ്ക് തിരിച്ചു പിടിക്കും. ഇതിലൂടെ ഏതാണ്ട് 15 മില്യണ്‍ ദിര്‍ഹം തിരികെ നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. യുവതിയുടെ സ്വത്തുക്കള്‍ ബാങ്ക് മരവിപ്പിക്കാനും തീരുമാനമായി. യുവതിയേക്കാള്‍ ഏഴു വയസിന് ഇളയ കാമുകനാണ് കേസില്‍ രണ്ടാം പ്രതി. മൂന്നും നാലും പ്രതികളായ സഹോദരങ്ങളും പണത്തിന്റെ പങ്ക് പറ്റിയിട്ടുണ്ട്. 2017 ജൂണിലാണ് സംഭവം നടന്നത്. അന്ന് ഒരു ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് മാനേജര്‍ ആയിരുന്ന യുവതി സഹപ്രവര്‍ത്തകരില്‍ ഒരാളുടെ പാസ് സ്വന്തമാക്കിയാണ് തട്ടിപ്പുകള്‍ നടത്തിയത്.
കാമുകനും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്കും വേണ്ടി യുവതി കോടിക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ പലപ്പോഴായി കൈക്കലാക്കിയതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കുണ്ടായിരുന്ന കടം വീട്ടാനും പ്രത്യേക നമ്പര്‍ പ്ലേറ്റുള്ള ആഡംബര കാറുകള്‍ വാങ്ങുകയും ചെയ്തു. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ എടുക്കുകയും വിലകൂടിയ വാച്ചുകള്‍ സമ്മാനിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു. കേസില്‍ ചുരുങ്ങിയ നിമിഷം കൊണ്ടാണ് വാദം പൂര്‍ത്തിയായത്. പ്രതിഭാഗം അവരുടെ കാര്യങ്ങള്‍ വിശദീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബാങ്കിന്റെ ഭാഗത്തു നിന്നുമുള്ള പ്രതികരണവും വന്നിട്ടില്ല. കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.