കാമുകനുമായി ഒരുമിക്കാൻ ഓൺലൈൻ വഴി തമിഴ് പഠിച്ചു: ഒളിച്ചോടിയ യുവതിയെയും കാമുകനെയും പിടികൂടിയത് തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്നും

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനുമായി സല്ലപിക്കാൻ യുവതി ഓൺലൈൻ വഴി തമിഴ് പഠിച്ചു. ഒടുവിൽ കാമുകനെ നേരിൽ കാണാനും, ഒളിച്ചോടാനും തീരുമാനിച്ച് തിരുവനന്തപുരത്തെ ലോഡ്ജിൽ മുറിയെടുത്ത ഇരുവരെയും പൊലീസ് പിടികൂടി. വീട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തി വന്ന ചവറ പോലീസ് നാലു ദിവസത്തിനുശേഷം പെൺകുട്ടിയെ തിരുവനന്തപുരത്തുള്ള വാടക മുറിയിൽ നിന്നും കണ്ടെത്തി. നീണ്ടകര സ്വദേശിയായ ബിടെക് വിദ്യാർഥിനിയാണ് പ്രണയത്തിന് ദേശവും, ഭാഷയും നോക്കാതെ വീട്ടിൽ നിന്നും ഇറങ്ങി പുറപ്പെട്ടത്. ശ്രീലങ്കയിലെ കാണ്ഡി സ്വദേശിയായ തൻസീം അഹ്‌സനെന്ന യുവാവുമായുള്ള നാലു മാസത്തെ സൗഹൃദമാണ് ഒളിച്ചോട്ടത്തിന് പ്രേരണയായത്.
ജൂൺ മാസത്തിൽ ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റിലൂടെയാണ് ഇരുവരും പരിചയക്കാരായത്. പിന്നീട് മെസഞ്ചറിലൂടെയും ചാറ്റിംഗിലൂടെയും സൗഹൃദം വളർന്ന് പ്രണയമായി. തമിഴിൽ സംസാരിച്ച യുവാവിനോട് തമിഴിലായിരുന്നു ചാറ്റിംഗ് നടത്തിയിരുന്നത്. ഇതിനിടയിൽ മത്സ്യത്തൊഴിലാളിയായ പിതാവും വീട്ടുകാരും വിവരം അറിഞ്ഞു. തമിഴ് വശമില്ലാതിരുന്നതിനാൽ പെൺകുട്ടി ഓൺലൈൻ വഴിയാണ് തമിഴ് പഠിച്ചിരുന്നത്.
വ്യത്യസ്ത മതമായതിനാൽ പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ 10 ന് ഒരു ജോഡി വസ്ത്രവുമായി കുട്ടി വീടുവിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈയിൽ ഉണ്ടായിരുന്ന സ്വർണമാല തിരുവനന്തപുരത്തെ ഒരു സ്വർണക്കടയിൽ 19500 രൂപയ്ക്ക് വിറ്റശേഷം വാടകമുറിയെടുത്ത് കഴിഞ്ഞ് വരികയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ചവറ പോലീസിൽ പരാതി നൽകി. തുടർന്ന് ചവറ സിഐ ഗോപകുമാറിന്റെയും എസ്‌ഐ ജയകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തിയത്. സ്‌റ്റേഷനിലെത്തിച്ച യുവതി വീട്ടുകാർക്കൊപ്പം പോകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കാമുകൻ ശ്രീലങ്കക്കാരനായതിനാൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും കാമുകനെ കുറിച്ചും വിശദമായി അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top