വൈക്കം: രണ്ടു പിഞ്ചു കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുകാണാനിറങ്ങിയ ശേഷം മടങ്ങിയെത്തിയ യുവതിയെ ജയിൽ കാണിച്ച് പൊലീസ്. കോടതിയിൽ ഹാജരാക്കിയ രണ്ടു പേരെയും റിമാൻഡ് ചെയ്തു.
പതിനൊന്നും നാലരയും വയസുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് ഇരുവരും നാട് വിട്ടത്. ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് റിമാൻഡ് ചെയ്തു. കടുത്തുരുത്തി സ്വദേശിയായ രജനി (30), ഇവരുടെ കാമുകൻ ഞീഴൂർ സ്വദേശി ബേബി (45) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം അവസാനമായിരുന്നു കേസിനാസ്പദമായ സംഭവം. കടുത്തുരുത്തി സ്വദേശിയായ യുവതിയാണ് പ്രദേശത്തു തന്നെയുള്ള കാമുകനൊപ്പം ഒളിച്ചോടിയത്. തുടർന്നു, ഡൽഹിയിൽ അടക്കം ഇരുവരും ദിവസങ്ങളോളം കറങ്ങി നടന്നു. ഭാര്യയെ കാണാനില്ലെന്നു കാട്ടി യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു പൊലീസ് ഇരുവർക്കുമായി അന്വേഷണം ആരംഭിച്ചു.
പൊലീസ് അന്വേഷണം ആരംഭിക്കുകയും, പിടിയിലാകുമെന്നു ഉറപ്പാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുവരും കറക്കം അവസാനിപ്പിച്ച് മടങ്ങിയെത്തിയത്. നാട്ടിലെത്തിയ ഉടൻ തന്നെ ഇരുവരെയും കടുത്തുരുത്തി പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയതിനാണ് രജനിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതിന് ബേബിയ്ക്കുമെതിരെ കേസെടുത്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കുട്ടികളെ ഉപേക്ഷിച്ചു ഒളിച്ചോടി പോകുന്ന വീട്ടമ്മമാർക്കുള്ള താക്കീതാണ് കടുത്തുരുത്തിയിൽ ഇപ്പോഴുണ്ടായ കേസും അറസ്റ്റുമെന്നു വൈക്കം ഡിവൈ.എസ്.പി എ.ജെ തോമസ് അറിയിച്ചു.