സ്വന്തം ലേഖകൻ
കൊച്ചി: വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് അനൂപ് ജൂബിയുടെ കൈപിടിച്ചത്. തങ്ങളുടെ പ്രണയം വിവാഹത്തിലെത്തിയപ്പോഴും ഇരുവർക്കും യാതൊരു കുറവും കുറ്റവും തോന്നിയിട്ടില്ല. പതിവ് കമിതാക്കളിലുണ്ടാകുന്ന കൊച്ചു കൊച്ചു പരിഭവങ്ങൾ മാത്രം. പക്ഷേ, ഇരുവരുടെയും വിവാഹ പരസ്യം പത്രത്തിൽ നൽകിയതോടെ സോഷ്യൽ മീഡിയയിലെ സാമൂഹ്യ വിരുദ്ധരുടെ മട്ടും ഭാവവും മാറി. കോടികൾ മോഹിച്ച് 45 കാരിയെ 25 കാരൻ വിവാഹം കഴിച്ചെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രചാരണം.
കണ്ണൂർ ചെറുപുഴ സ്വദേശികളായ അനൂപ് പി.സെബാസ്റ്റിയനും, വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ അനൂപ് വിവാഹം കഴിച്ച ജൂബി ജോസഫുമാണ് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയോടെ ക്രൂരമായ വേട്ടയാടലിന് ഇടയായത്. ഫോട്ടോയിൽ ജൂബിയ്ക്ക് അനൂപിനേക്കാൾ പ്രായം തോന്നിയതായിരുന്നു സോഷ്യൽ മീഡിയ സദാചാരക്കാരുടെ പ്രശ്‌നം. തന്നെയും ഭാര്യയെയും അപമാനിച്ചവർക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസിലും, സൈബർ സെല്ലിലും പരാതി നൽകിയിരിക്കുകയാണ് അനൂപ്. അനൂപിന്റെയും ഭാര്യയുടെയും ചിത്രം സോഷ്യൽ മീഡിയ വഴി മോശമായ കമന്റ് പ്രയോഗിച്ച് പ്രചരിപ്പിച്ച ആയിരത്തോളം പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് സൈബർ സൈൽ നൽകുന്ന സൂചന.
‘വധുവിന് പ്രായം 45, വരന് 25. പെണ്ണിന്ആസ്തി 15 കോടി, 101 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” – ഈ ക്യാപ്ഷനോടെയാണ് അനൂപിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഞരമ്പു രോഗികൾ പ്രചരിപ്പിച്ചിരുന്നത്. വധുവിന് പ്രായക്കൂടുതൽ ഉണ്ടെന്നും സ്വത്തിൻറെ പ്രലോഭനത്തിലാണ് വരൻ വിവാഹത്തിന് തയ്യാറായതെന്നുമുള്ള അത്ഭുതത്തോടെയാണ് അതിവേഗം ഇത് പ്രചരിക്കപ്പെട്ടത്. വാർത്ത കാട്ടുതീ പോലെ പ്രചരിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായി ഇത് മാറി. സോഷ്യൽ മീഡിയ എറ്റെടുത്ത് അനൂപിന്റെ ആർത്തിയെ അപമാനിച്ചു. കാശിനു വേണ്ടി വിവാഹം കഴിച്ചവനാണെന്നും, ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നത് അടക്കമുള്ള മോശമായ കമന്റുകളാണ് അനൂപിനെതിരെയ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. അനൂപിന്റെ ഫെയ്‌സ്ബുക്ക് പേജിനു നേരെ പോലും വ്യാപകമായ ആക്രമണം ഉണ്ടായി.
കോ പൈലറ്റായ അനൂപും, വിമാനത്താവള ജീവനക്കാരിയായ ജൂബിയും കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നു. ജൂബിയേക്കാൾ രണ്ടു വയസ് മൂത്തതാണ് അനൂപ്. ജോലിയെല്ലാം നേടി സെറ്റിലായ ശേഷം മാത്രം മതി വിവാഹം എന്ന ധാരണയിലായിരുന്നു ഇരുവരും. ഇതേ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി നാലിന് ഇരുവരും വിവാഹിതരായത്. ആഘോഷമായി വിവാഹം നടത്തി, ജീവിതത്തിലേയ്ക്ക് കടക്കാൻ ഒരുങ്ങുമ്പോഴാണ് ഇരുവർക്കും ജീവിതത്തിൽ ഇന്നുവരെ തോന്നാത്ത അപമാനം സോഷ്യൽ മീഡിയയിലെ ആങ്ങളമാർക്ക് തോന്നിയത്. തങ്ങളുടെ പ്രായം സംബന്ധിച്ചു പ്രചരിക്കുന്നതെല്ലാം കള്ളമാണെന്ന് ഇരുവരും പറഞ്ഞു.