തങ്ങളുടെ പ്രണയം ലൗ ജിഹാദാണെന്ന ആരോപണത്തിന് വിധേയരായ കമിതാക്കൾ വിവാഹിതരായി. തൃശൂർ പാവറട്ടി സ്വദേശികളായ നിസാമുദ്ദീനും ഹരിതയുമാണ് കഴിഞ്ഞദിവസം മുല്ലശേരി സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹിതരായത്. ഐസിസ് ബന്ധമുള്ള മുസ്ലീം യുവാവ് തന്റെ മകളെ സിറിയയിലേക്ക് കടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഹരിതയുടെ അച്ഛൻ രംഗത്തെത്തിയതോടെയാണ് ഇരുവരുടെയും പ്രണയം വിവാദമാകുന്നത്. തന്റെ മകൾ ലൗ ജിഹാദിൽ അകപ്പെട്ടെന്നും, മകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുകയാണെന്നുമായിരുന്നു ഹരിതയുടെ പിതാവ് ഉണ്ണികൃഷ്ണൻ ആരോപിച്ചിരുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലും പോലീസിലും അദ്ദേഹം പരാതി നൽകിയിരുന്നു. തന്റെ മകളെ ഐസിസിലേക്ക് റിക്രൂട്ട് ചെയ്യാൻ ഒരു മുസ്ലീം യുവാവ് ശ്രമിക്കുന്നുവെന്ന ആരോപണവുമായാണ് ഉണ്ണികൃഷ്ണൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
യുവാവിന്റെ ഐസിസ് ബന്ധങ്ങളെക്കുറിച്ച് മകളുടെ ഡയറിയിൽ പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ ഹൈക്കോടതിയിലും പോലീസിലും പരാതി നൽകുകയും ചെയ്തു. ഉണ്ണികൃഷ്ണന്റെ ആരോപണത്തെ തുടർന്ന് നിസാമുദ്ദീനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണമുണ്ടായിരുന്നു. ഇതിനിടെ പാവറട്ടി സ്വദേശിയായ നിസാമുദ്ദീനും ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചതോടെയാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മുല്ലശേരി സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് കഴിഞ്ഞദിവസമാണ് നിസാമുദ്ദീനും ഹരിതയും വിവാഹിതരായത്. വിവാഹിതരായ തങ്ങൾ മതം മാറാൻ തീരുമാനിച്ചിട്ടില്ലെന്നും നിസാമുദ്ദീനും ഹരിതയും പറഞ്ഞു. വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും, മറ്റുള്ളവർ അക്കാര്യങ്ങളിൽ ഇടപെടുന്നതെന്തിനാണെന്നും നവദമ്പതികൾ ചോദിച്ചു.