രണ്ടര വര്‍ഷത്തെ പ്രണയം; കമിതാക്കള്‍ക്ക് വിവാഹ വേദിയായത് പോലീസ് സ്റ്റേഷൻ; പോലീസ് വക ലഡു വിതരണവും

രണ്ടര വര്‍ഷമായി പ്രണയത്തിലായിരുന്ന കമിതാക്കള്‍ക്ക് ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ വെച്ച്‌ വിവാഹം. കൊല്ലങ്കാനത്തെ കൂലിപ്പണിക്കാരനായ ബാലകൃഷ്ണനും (28) ലാബ്ടെക്നീഷ്യന്‍ വിദ്യാര്‍ത്ഥിനിയായ നിവേദിത (20)യ്ക്കുമാണ് കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷന്‍ വിവാഹവേദിയായത്. രണ്ടര വര്‍ഷമായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിനായി വീട്ടുകാരെ സമീപിച്ചെങ്കിലും നിവേദിതയുടെ പിതാവിനും ബാലകൃഷ്ണന്റെ മാതാവിനും സമ്മതമായിരുന്നുവെങ്കിലും ബന്ധുക്കളില്‍ ചിലര്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയതായിരുന്നു ഇരുവരും. എന്നാല്‍ അവിടെ വലിയ തിരക്കായതിനാല്‍ ഒരു മാസം കഴിഞ്ഞ് മാത്രമേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് അറിഞ്ഞതോടെയാണ് ഇരുവരും പോലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ വിവാഹം നടത്താന്‍ സൗകര്യമുണ്ടാക്കിത്തരണമെന്ന് പോലീസിനോട് അപേക്ഷിച്ചത്. ഇതോടെ പോലീസ് സാന്നിധ്യത്തില്‍ ബാലകൃഷ്ണന്‍ നിവേദിതയുടെ കഴുത്തില്‍ താലികെട്ടുകയായിരുന്നു. കാസര്‍കോട് പ്രിന്‍സിപ്പള്‍ എസ് ഐ അജിത് കുമാറും സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥരും വിവാഹത്തിന് സാക്ഷികളായി. ലഡു നല്‍കിയ ശേഷം ഇരുവരെയും പോലീസ് യുവാവിന്റെ വീട്ടിലേക്കയച്ചു. വധുവിന്റെ ഭാഗത്തു നിന്നും പിതാവും വരന്റെ ഭാഗത്തു നിന്ന് മാതാവും ഏറ്റവും അടുത്ത സുഹൃത്തുക്കളും ചടങ്ങിന് സാക്ഷികളായി.

Top