കൊച്ചി: ഇടപ്പള്ളി ലുലുമാളിലെ അനധികൃത പാര്‍ക്കിങ് ഫീസിനെതിരെ നല്‍കിയ കേസില്‍ ലുലുവിന് തിരിച്ചടി. കേസിന്റെ തുടര്‍ നടപടികള്‍ അവസാനിക്കുംവരെ പാര്‍ക്കിങ് ഫീസ് കോടതിയില്‍ കെട്ടിവയ്ക്കാന്‍ കൊച്ചി ഉപഭോകൃത തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകയായ രമാജോര്‍ജ്ജ് നല്‍കിയ ഹരജിയിലാണ് ചെറിയാന്‍ കെ കുര്യക്കോസ് അധ്യക്ഷനായ ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ദിനം പ്രതി ലക്ഷങ്ങളാണ് ഉപഭോക്താക്കളില്‍ നിന്ന് എംഎ യുസഫലിയുടെ നേതൃത്വത്തിലുള്ള ലുലുമാര്‍ അനധികൃതമായി ഈടാക്കുന്നത്. ലുലുമാളിനെതിരെ താല്‍ക്കാലികമായ വിധിയുണ്ടാത് കൊച്ചിയിലെ മറ്റ് മാളുകള്‍ക്കും തിരിച്ചടിയാകും. മാളുകളിലെ പാര്‍ക്കിങിന് ഫീസ് പിരിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയട്ടില്ലെന്ന് കൊച്ചികോര്‍പ്പറേഷന്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ലുലുമാളിലെ പാര്‍ക്കിങ് ഫീസ് ഇനത്തില്‍ കളമശ്ശേരി നഗരസഭയ്ക്കും നികുതിയിനത്തില്‍ ഒന്നും ലഭിക്കുന്നില്ലെന്ന് കളമശ്ശേരി നഗരസഭയും അറിയിച്ചിരുന്നു. ഇക്കാര്യം കോടതിക്ക് അത്ഭുമുണ്ടാക്കിയതായും വിധിപകര്‍പ്പില്‍ പറയുന്നു.
ഉപഭോകൃത തര്‍ക്കപരിഹാര കോടതിയുടെ ഇടക്കാല ഉത്തരവനുസരിച്ച് ഒന്നിടവിട്ട പ്രവര്‍ത്തി ദിനങ്ങളില്‍ പാര്‍ക്കിങ് ഫീസ് കോടതി നിര്‍ദ്ദേശിക്കുന്ന ബാങ്ക് അക്കൗണ്ടില്‍
കെട്ടിവയ്ക്കണം. ഈ കേസില്‍ അന്തിമ വിധിയുണ്ടാകുന്ന അവസരത്തിലായിരിക്കും കോടതിയില്‍ കെട്ടിവച്ച പണത്തില്‍ തീരുമാനമുണ്ടാവുകയെന്നും കോടതി വ്യക്തമാക്കി. ദിനം പ്രതി ലക്ഷങ്ങള്‍ ലുലുമാള്‍ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടിവരും.
പാര്‍ക്കിങ് ഫീസ് പിരിക്കുന്ന അനധികൃമല്ലെന്നാണ് ലുലുമാളിന്റെ വാദം. ലുലുമാളിലെ പാര്‍ക്കിങ് ഫീസ് ആദ്യ മണിക്കുറുകളില്‍ സൗജന്യമായിരുന്നെങ്കിലും കഴിഞ്ഞ കുറേകാലമായി ഇതും നിര്‍ത്തലാക്കിയിരുന്നു. ടൂ വീലര്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും മിനിമം 20 രൂപ മുതല്‍ പാര്‍ക്കിങ് ഫീസ് നല്‍കണം. പാര്‍ക്കിങ് സമയമനുസരിച്ച് ഇത് മൂന്നിരട്ടിയോളം വരും. ഇത്തരത്തില്‍ പ്രതിവര്‍ഷം കോടികളാണ് ലുലുമാള്‍ പിരിക്കുന്നത്. ലുലുമാളിന്റെ കണക്കനുസരിച്ച് ആദ്യ രണ്ടുവര്‍ഷങ്ങളില്‍ മാത്രം ആറ് ലക്ഷത്തിലധികം വാഹനങ്ങള്‍ മാളിലെത്തിയിരുന്നു.
കേസ് തീര്‍പ്പാകുംവരെ പാര്‍ക്കിങ് ഫീസ് പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടതെന്ന് പരാതിക്കാരിയായ രമാജോര്‍ജ്ജ് പറഞ്ഞു. അതിനാല്‍ ഈ വിധിക്കെതിരെ മേല്‍കോടതിയെ സമീപിക്കും. അതേ സമയം കോടതി ഉത്തരവിനെതിരെ ലുലുമാളും മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.