ലുങ്കി പഴയ ലുങ്കിയല്ല; ബ്രിട്ടനിലെത്തിയപ്പോള്‍ വില 6000 രൂപ; ചെക്ക് മിനി സ്‌കേര്‍ട്ട് എന്ന പേരില്‍ വില്‍പ്പനയ്ക്ക് വച്ച വസ്ത്രത്തിനെതിരെ സോഷ്യല്‍ മീഡിയ

ലണ്ടന്‍: നമ്മുടെ നാട്ടിലെ ഏതൊരു ചെറിയ കടയിലും ലഭ്യമാകുന്ന ലുങ്കിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. 150 രൂപ മുതല്‍ ലഭ്യമാകുന്ന ലുങ്കി അങ്ങ് ബ്രിട്ടനിലെ ഹൈ സ്ട്രീറ്റ് ഫാഷന്‍ സ്റ്റോറായ സാറയിലെത്തിയപ്പോള്‍ കോലത്തില്‍ മാത്രമല്ല വിലയിലും മാറ്റം വന്നു. രൂപത്തില്‍ വലിയ മാറ്റം വരുത്തിയില്ലെങ്കിലും അതേ തുണി കൊണ്ട് രൂപപ്പെടുത്തിയ ലുങ്കിയുടെ പുതിയ മോഡലിന്റെ വില കേട്ടാല്‍ ഞെട്ടും. 6000 രൂപയോളമാണ് അവിടെ ഒരു ലുങ്കിക്ക് വില. ‘ചെക്ക് മിനി സ്‌കേര്‍ട്ട്’ എന്ന പേരില്‍, ലുങ്കി കൊണ്ട് തയ്ച്ച പാവാടയാണ് സ്പാനിഷ് ഫാഷന്‍ സ്റ്റോറായ സാറയില്‍ ഈ വിലയ്ക്ക് വില്‍ക്കുന്നത്. സംഗതി ലുങ്കിയാണെന്ന് മനസ്സിലാക്കിയ ഉപഭോക്താക്കള്‍, സോഷ്യല്‍ മീഡിയയിലൂടെ ഈ ഫാഷന്‍ വസ്ത്രത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ലുങ്കി ഉപയോഗിച്ച് പാവാടയുടെ മാതൃകയില്‍ വസ്ത്രം തുന്നിയശേഷം അതിന് വലിയ വില ഇട്ടിരിക്കുകയാണ് സാറ ചെയ്തിരിക്കുന്നതെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. ഇന്ത്യയിലും പാകിസ്താനിലും തായ്‌ല്ന്‍ഡിലുമൊക്കെ ചൂടുകാലത്ത് ഉപയോഗിക്കുന്ന സാധാരണ വസ്ത്രമാണിതെന്നും ഏറിയാല്‍ അഞ്ച് പൗണ്ടോളം മാത്രമേ ഇതിന് വിലയുള്ളൂവെന്നും സോഷ്യല്‍ മീഡിയയില്‍ സാറയിലെ കൊള്ളയ്‌ക്കെതിരെ രംഗത്തെത്തിയവര്‍ പറയുന്നു. ഇത് പാവാടയല്ല, ലുങ്കിയാണെന്ന് ട്വിറ്ററിലൂടെ മോണിഷ എന്ന ഇന്ത്യന്‍ വംശജ ട്വീറ്റ് ചെയ്തു. ഇതിനു വേണ്ടി ഇത്രയും പണം മുടക്കേണ്ടതില്ലെന്നും ഇന്ത്യയിലാണെങ്കില്‍ ഈ കാശിന് 15 പാവാട വാങ്ങാനാകുമെന്നും അവര്‍ പറയുന്നു. മറ്റൊരു രാജ്യത്തെ വസ്ത്രം അതേപടി അനുകരിക്കുന്നതിനു മുമ്പ് അതിന്റെ വിലയും മറ്റും ഉപഭോക്താക്കള്‍ക്ക് യോജിക്കുന്ന തരത്തിലാക്കണമെന്ന് മറ്റൊരു ഉപഭോക്താവ് ട്വീറ്റ് ചെയ്തു. ഫാഷന്റെ പേരില്‍ ലുങ്കി 6000 രൂപയ്ക്ക് വില്‍ക്കുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Top