സിപിഐം മുതിര്‍ന്ന നേതാവ് എം.എം.ലോറന്‍സിന്റെ മകളെ സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോയിലെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇന്നലെയാണ് ആഷാ ലോറന്‍സിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. സിഡ്‌കോയുടെ പാളയത്തെ എംപോറിയത്തില്‍ സെയില്‍സ് അസിസ്റ്റന്റായി ദിവസവേതന അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ആഷ.
ദിവസവേതന അടിസ്ഥാനത്തില്‍ ജോലി നോക്കുന്നവരെ പിരിച്ചുവിടേണ്ട സാഹചര്യമില്ലെന്നും ഇനി മുതല്‍ ജോലിക്കു വരേണ്ടെന്ന് അറിയിക്കുകയുമാണു ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ആഷയുടെ മകന്‍ മിലന്‍ ഇമ്മാനുവല്‍ ലോറന്‍സ് ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയുടെ സമരവേദിയില്‍ എത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ആഷാ ലോറന്‍സ് ഇന്നലെ രാത്രി സിഡ്‌കോ എംഡിയുടെ ഹൗസിങ് ബോര്‍ഡിനു സമീപമുള്ള ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി.
മകന്‍ ബിജെപി സമരവേദിയിലെത്തിയതിന്റെ വൈരാഗ്യം തീര്‍ക്കാനാണു തന്നെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതെന്ന് ആഷ പറഞ്ഞു. ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചു പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ സമര വേദിയിലാണ് ആഷാ ലോറന്‍സിന്റെ മകന്‍ മിലന്‍ പങ്കെടുത്തത്. അമ്മയാണു തന്നെ സമരവേദിയിലെത്തിച്ചതെന്നും സമരത്തില്‍ പങ്കെടുത്താല്‍ ജോലി പോകുമെന്നതിനാലാണ് അമ്മ പങ്കെടുക്കാതിരുന്നതെന്നും മിലന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സിപിഐഎമ്മിലെ മുതിര്‍ന്ന നേതാവിന്റെ ബന്ധുവായ സിഡ്‌കോ എംപോറിയത്തില്‍ ജോലി നോക്കുന്ന വനിതയും ആഷയും തമ്മില്‍ രണ്ടാഴ്ച മുമ്പ് തര്‍ക്കമുണ്ടായതായും പറയപ്പെടുന്നുണ്ട്.