മുതിര്‍ന്ന സിപിഐഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശയെ സിഡ്‌കോയില്‍ നിന്നും പിരിച്ചുവിട്ട തീരുമാനം മാനേജ്‌മെന്റ് റദ്ദാക്കി. ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയുടെ സമരവേദിയില്‍ മകന്‍ മിലന്‍ ഇമ്മാനുവേല്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് തന്നെ പിരിച്ചുവിട്ടതെന്ന് ആശ ആരോപിച്ചിരുന്നു.
സംഭവം വിവാദമായതോടെ നേതാക്കള്‍ ഇടപെട്ട് നടപടി പിന്‍വലിപ്പിക്കുകയായിരുന്നു.സിഡ്‌കോയിലെ താത്കാലിക ജീവനക്കാരിയാണ് ആശ. വ്യാഴാഴ്ചയാണ് ആശയെ പിരിച്ചുവിട്ടത്. പിന്നീട് നേതാക്കള്‍ ഇടപെട്ട് നടപടി മരവിപ്പിക്കുകയായിരുന്നു. ആഷയുടെ പരാതിയെ തുടര്‍ന്ന് സിഡ്‌കോയിലെ മൂന്ന് ജീവനക്കാരെ മാതൃസ്ഥാപനത്തിലേക്ക് മാറ്റി. നാലു ജീവനക്കാര്‍ തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതായി ആശ നേരത്തെ എംഡി കെബി ജയകുമാറിന് പരാതി നല്‍കിയിരുന്നു.
സിപിഐഎമ്മിലെ ഉന്നത നേതാവിന്റെ ബന്ധു ഉള്‍പ്പെടെയായിരുന്നു എതിര്‍ കക്ഷികള്‍. ഇതിനെ കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് ജയകുമാറിന് ലഭിച്ചത്. ആശയുടെ പരാതിപ്രകാരം മൂന്ന് പേര്‍ക്കെതിരെ നടപടി എടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. പാപ്പനംകോട് വ്യവസായ എസ്‌റ്റേറ്റിലെ സ്ഥിരം ജീവനക്കാരായ ഇവര്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് പ്രകാരം എംപോറിയത്തില്‍ ജോലി ചെയ്യുകയായിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളള നടത്തിയ സമരവേദിയിലാണ് ആശ ലോറന്‍സിന്റെ മകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍ പങ്കെടുത്തത്. താനും മകനും അയ്യപ്പ ഭക്തരാണെന്നും ഇപ്പോള്‍ ശബരിമലയില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ അവന് വ്യക്തിപരമായി എതിര്‍പ്പുണ്ടെന്നും ആശ വ്യക്തമാക്കിയിരുന്നു.