എംഫോൺ: തന്ത്രമൊരുക്കിയത് വൻ തട്ടിപ്പിനെന്നു സൂചന; ഓൺലൈൻ വഴി ഫോൺ ബുക്ക് ചെയ്യാൻ 500 രൂപ മാത്രം; പരസ്യ ഏജൻസികൾക്കു ഒറ്റ ദിവസം നഷ്ടമായത് 30 ലക്ഷം

ക്രൈം റിപ്പോർട്ടർ

കൊച്ചി: കൊച്ചിയിൽ ആർഭാടമായി ലോഞ്ചിങ് നടത്തിയ ദിവസം തന്നെ ഉടമകൾ അറസ്റ്റിലായ എംഫോൺ ഉടമകൾ ലക്ഷ്യമിട്ടിരുന്നത് കേരളത്തിൽ വൻ തട്ടിപ്പിനെന്നു സൂചന. ഫോണിന്റെ വിലപോലും കൃത്യമായി പരസ്യത്തിൽ നൽകാതെയായിരുന്നു തട്ടിപ്പ്. മലയാളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം എന്ന പേരിൽ എല്ലാ മലയാള മാധ്യമങ്ങളിലും ഒന്നാം പേജിൽ ഫുൾ പേജ് പരസ്യം നൽകിയായിരുന്നു ഈ എം ഫോണിന്റെ ലോഞ്ചിങ്.
കൊച്ചിയിൽ ഈ പരിപാടി നടത്താൻ തയ്യാറെടുപ്പു നടത്തിയ വകയിൽ മൂന്നു പരസ്യകമ്പനികൾക്കു നഷ്ടമായത് മുപ്പതു ലക്ഷത്തിലേറെ രൂപയാണ്. എംഫോൺ കമ്പനിയിൽ നിന്നും അഞ്ചു ശതമാനം തുക മാത്രം വാങ്ങിയാണ് പരസ്യഏജൻസികൾ എല്ലാ പത്രങ്ങളിലും ഒന്നാം പേജിൽ പരസ്യം നൽകിയത്. ഒരു മാസത്തെ സാവകാശം എല്ലാ പത്രങ്ങളും പരസ്യ ഏജൻസുകൾക്കു പണം അടയ്ക്കുന്നതിനു അനുവദിച്ചു നൽകാറുണ്ട്. എംഫോണിന്റെ ലോഞ്ചിങ്ങിനു മുമ്പു തന്നെ സ്ഥാപനത്തിന്റെ ഉടമകൾ അറസ്റ്റിലായതോടെ പരസ്യ ഏജൻസികൾ വൻ പ്രതിസന്ധിയിലേയ്ക്കു എത്തിയിരിക്കുകയാണ്. കൊച്ചിയിലെ പ്രമുഖ പരസ്യകമ്പനിയാണ് ഏറെ പ്രതിസന്ധിയിലായത്. മലയാള മനോരമ പത്രത്തിന്റെ ഒന്നാം പേജിൽ കേരളം മുഴുവനും പരസ്യം നൽകാൻ മുൻകൈ എടുത്തത് ഈ ഏജൻസിയായിരുന്നു. സ്ഥാപനത്തിന്റെ ഉടമകൾ തന്നെ പൊലീസ് പിടിയിലായതോടെ ഇനി പണം ലഭിക്കുമോ എന്ന ആശങ്കയിലാണ് ഏജൻസികൾ.
എന്നാൽ, ഫോണിന്റെ വില പോലും നൽകാതെ പരസ്യം നൽകിയതിലൂടെ കമ്പനി ഉടമകൾ വൻ തട്ടിപ്പിനാണ് ലക്ഷ്യമിട്ടതെന്ന സൂചനയാണ് പൊലീസും നൽകുന്നത്. കമ്പനിയുടെ ഉടമകൾ മുൻപ് പല തട്ടിപ്പു കേസിലും പ്രതികളായിരുന്നവരാണ്. ഫോൺ ബുക്ക് ചെയ്യാൻ 500 രൂപ മാത്രം ആദ്യം ഓൺലൈൻ വഴി അടച്ചാൽ മതിയെന്നായിരുന്നു ഇവർ പറയാൻ ഉദ്ദേശിച്ചിരുന്നത്. ഓൺലൈൻ വഴി ആദ്യം പണം അടയ്ക്കുന്നവർക്കു രണ്ടാഴ്ചയ്ക്കുള്ളിൽ ഫോൺ എത്തിച്ചു നൽകും. തുടർന്നു പണം നൽകിയാൽ മതിയെന്നും ഇവർ വാഗ്ദാനം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. കോഴിക്കോട്ടും കൊച്ചിയിലും തൃശൂരിലും മുൻപ് മണിചെയിൻ മാതൃകയിൽ തട്ടിപ്പു നടത്തിയതിനു ഇവർക്കെതിരെ കേസുണ്ടെന്ന സൂചനയും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥാപന ഉടമകൾക്കെതിരെ കൂടുതൽ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top