തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ആരോപണവിധേയനായി അറസ്റ്റിലായ എം. വിന്‍സെന്റ് എം.എല്‍.എയെ പാര്‍ട്ടിയുടെ തിരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്ന് നീക്കിയതായി കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ.പി.സി.സി സെക്രട്ടറിയായിരുന്നു വിന്‍സെന്റ്. ഇതുള്‍പ്പെടെയുള്ള പദവികളില്‍ നിന്നാണ് നീക്കിയത്.വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ല എന്ന് പറഞ്ഞ ഹസ്സന്‍ ആരോപണത്തിന്റെ പേരില്‍ ഒരാളും ഇതുവരെ എംഎല്‍എ സ്ഥാനം രാജിവച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.വിന്‍സെന്റിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ല. കാരണം, അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടില്ല. ഇത് വെറും ആരോപണം മാത്രമാണ്. അതുകൊണ്ടുതന്നെ, കുറ്റവിമുക്തനാകുന്നതു വരെ മാത്രം ധാര്‍മികതയുടെ അടിസ്ഥാനത്തില്‍ വിന്‍സെന്റിനെ മാറ്റി നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനം- ഹസ്സന്‍ പറഞ്ഞു.
സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കിലും അവരുടെ ആരോപണം സത്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഹസ്സന്‍ പറഞ്ഞു. തിരക്കിട്ടുള്ള വിന്‍സെന്റിന്റെ അറസ്റ്റ് ഗൂഡാലോചനയുടെ ഭാഗമാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും ഹസ്സന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.വിന്‍സന്റിന്റെ അറസ്റ്റ് അസാധാരണനടപടിയാണ്. സ്ത്രീപീഡനങ്ങളുമായി ബന്ധപ്പെട്ട് ഇതിന് മുമ്ബും പരാതികളുണ്ടായിട്ടുണ്ട്. പരാതി ഉന്നയിച്ചവരുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിട്ട് പോലും ഒരു കേസിലും പൊലീസ് ഇങ്ങനെ ധൃതിപിടിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എം.എല്‍.എമാരുടെ കേസായാലും തൃശൂര്‍ വടക്കാഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകനെതിരായ കേസായാലും ഇതാണ് സ്ഥിതി. എന്നാല്‍ വിന്‍സെന്റിനെതിരെ ബലാത്സംഗ കുറ്റം വരെ എഫ്.ഐ.ആറില്‍ ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. നെയ്യാറ്റിന്‍കരയിലെ സി.പി.എം എം.എല്‍.എയും സി.പി.എമ്മിലെ പ്രധാനപ്പെട്ട ചില പ്രവര്‍ത്തകരുമാണ് ഗൂഢാലോചനയ്ക്ക് പിന്നില്‍. പരാതി ഉന്നയിച്ച സ്ത്രീയുടെ സഹോദരന്‍ സി.പി.എം പ്രവര്‍ത്തകനാണ്.
ആരോപണമുണ്ടായപ്പോള്‍ വിന്‍സെന്റിനോട് കെ.പി.സി.സി വിശദീകരണം തേടിയതാണ്. സ്ത്രീ ഉന്നയിച്ച ആരോപണത്തില്‍ ഏതന്വേഷണത്തിനും തയാറാണെന്നാണ് വിന്‍സെന്റ് അറിയിച്ചത്. അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ആത്മഹത്യാശ്രമത്തില്‍ നിന്ന് സ്ത്രീ രക്ഷപ്പെട്ട ശേഷം മൊഴിയെടുത്തപ്പോള്‍ അവരെ രാഷ്ട്രീയമായി സ്വാധീനിച്ചതിന്റെ തെളിവാണ് സി.പി.എം എം.എല്‍.എ ഉള്‍പ്പെടെയുള്ളവരുടെ ആശുപത്രിയിലെ സാന്നിദ്ധ്യം. ഇപ്പോള്‍ സ്ത്രീയുടെ സഹോദരിയുടെ അഭിപ്രായവും വന്നിരിക്കുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മനോരോഗത്തിന് അവര്‍ മരുന്ന് കഴിക്കുകയാണെന്നുമാണ് സ്വന്തം സഹോദരി പറഞ്ഞിരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്ത് രാഷ്ട്രീയ ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.