വിപ്ലവ സൂര്യന്‍…. എംഎ ബേബി എഴുതിയ ലേഖനം വായിക്കാം

ആഗസ്ത് 13 ഫിദലിന്റെ തൊണ്ണൂറാം ജന്മദിനത്തില്‍ എം എ ബേബി എഴുതിയത്

638 തവണ അമേരിക്കന്‍ ചാരസംഘടന സിഐഎയും അവരുടെ നിര്‍ദേശത്തില്‍ മാഫിയാസംഘങ്ങളും വകവരുത്താന്‍ ശ്രമിച്ചിട്ടും ജീവിച്ചിരിക്കുന്ന വിപ്ളവനായകന്‍. ചരിത്രത്തിന്റെ ഭാഗമായ ഈ അതുല്യവിപ്ളവകാരിയെക്കുറിച്ചുള്ള ഓര്‍മകളില്‍ വേറിട്ടുനില്‍ക്കുന്നതേതാണ്? ഹവാനയിലെ ഇന്ത്യന്‍ എംബസിയിലെ ഒരു അനുഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കുമുമ്പ്, 1992 ഡിസംബര്‍ അവസാനം. ‘കരീബിയന്‍ പ്രിന്‍സസ്’ എന്ന കപ്പലില്‍ കൊല്‍ക്കത്തയിലെ ഹാല്‍ദിയ തുറമുഖത്തുനിന്ന് കയറ്റിയയച്ച ഐക്യദാര്‍ഢ്യ സംഭാവന– 10,000 ടണ്‍ ഗോതമ്പും 10,000 ടണ്‍ അരിയും ഹവാന തുറമുഖത്തെത്തിയപ്പോള്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു ഞങ്ങള്‍– സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്, മുന്‍ കമ്യൂണിസ്റ്റും മുന്‍ കേന്ദ്രമന്ത്രിയുമായ (അന്തരിച്ച) കെ എന്‍ സിങ്, ഈ ലേഖകന്‍ എന്നിവര്‍. ചടങ്ങില്‍ ഫിദലും സുര്‍ജിത്തും സംസാരിച്ചു. എം എഫ് ഹുസൈന്റെ മകന്‍ ഷംസാദ് ഹുസൈന്‍ വരച്ച ഫിദലിന്റെ ചിത്രമടങ്ങുന്ന പോസ്റ്റര്‍ വേദിയില്‍വച്ച് ഞങ്ങള്‍ ഫിദലിന് കൈമാറി. തന്റെ ചിത്രം കൌതുകത്തോടെ നോക്കിയ ഫിദലിന്റെ മുഖത്ത് ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കത. ചടങ്ങ് കഴിഞ്ഞപാടേ ഫിദലിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ചെല്ലുന്നതിന് ഞങ്ങളോട് ദ്വിഭാഷി പറഞ്ഞു. മാത്രമല്ല, രണ്ടുമണിക്കൂര്‍ 50 മിനിറ്റ് നീണ്ട ചര്‍ച്ചയാണ് ഞങ്ങളെ കാത്തിരുന്നത്. അതേക്കുറിച്ച് പിന്നെപ്പറയാം.

തൊട്ടടുത്തദിവസം എംബസിയിലെ അത്താഴവിരുന്നിനിടയിലാണ് കൌതുകകരമായ ചൂടന്‍ വാര്‍ത്ത വെളിപ്പെടുത്തപ്പെട്ടത്: തന്റെ സഹപ്രവര്‍ത്തകരോട് കുറേനാളായി ഫിദല്‍ ശക്തമായൊരു ആവശ്യം ഉന്നയിച്ചുവരികയായിരുന്നു; സുദീര്‍ഘകാലം നേതൃത്വത്തില്‍ തുടര്‍ന്ന തന്നെ വിരമിക്കാന്‍ സമ്മതിക്കണം. ഇതരസഖാക്കള്‍ വിസമ്മതിച്ചു. തുടരണമെന്ന് സമ്മര്‍ദം ചെലുത്തി. ഫിദലാകട്ടെ  വാശിയോടെ നിര്‍ബന്ധം തുടര്‍ന്നു. ഇരുപതാം വയസ്സില്‍ ആരംഭിച്ച രാഷ്ട്രീയസമരങ്ങള്‍…നാലരപ്പതിറ്റാണ്ട് നീണ്ട ചുമതലകള്‍ എന്നൊക്കെയായിരുന്നു അറുപത്താറുകാരനായിരുന്ന ഫിദലിന്റെ ന്യായീകരണം. മൂന്നരപ്പതിറ്റാണ്ടോളം രാഷ്ട്രനേതൃത്വത്തിലും അദ്ദേഹം ഉത്തരവാദിത്തം വഹിച്ചുകഴിഞ്ഞിരുന്നു അന്ന്. എന്നാല്‍, വിരമിക്കാന്‍ വാശിയോടെ നടത്തിയ വാദങ്ങള്‍ ഫിദല്‍ ഉപേക്ഷിച്ചത് അന്നത്തെ യോഗത്തില്‍ സുര്‍ജിത്തിന്റെ പ്രായവും ചുറുചുറുക്കും കണ്ടതോടെയാണ്! അന്ന് സുര്‍ജിത്തിന് ഫിദലിനേക്കാള്‍ 10 വയസ്സ് കൂടുതല്‍. 2008വരെ ഭരണച്ചുമതലയും 2011 വരെ പാര്‍ടി ചുമതലയും തുടരാന്‍ ഫിദലിന് ഒരുപരിധിവരെ മാതൃകയായത് സിപിഐ എം ജനറല്‍ സെക്രട്ടറിയായിരുന്ന സുര്‍ജിത്തായിരുന്നു എന്നത് ഇന്ത്യന്‍ പാര്‍ടിക്കുകൂടി അഭിമാനകരമാണ്.

തൊണ്ണൂറ് വയസ്സാകുന്ന ഫിദല്‍ അഞ്ചുവര്‍ഷംമുമ്പ് പാര്‍ടി നേതൃസ്ഥാനങ്ങളെല്ലാം ഒഴിഞ്ഞു. എട്ടുവര്‍ഷംമുമ്പ് ഭരണപരമായ എല്ലാ ഉത്തരവാദിത്തങ്ങളുമൊഴിഞ്ഞു. സാധ്യമായ കാലം പാര്‍ടിക്കും രാഷ്ട്രത്തിനുംവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ് ഏതൊരു കമ്യൂണിസ്റ്റുകാരന്റെയും കടമ. അതേസമയം, ശാരീരിക അവശത തന്നെ തീരെ അവശനാക്കുന്നതിനുമുമ്പ് മറ്റുള്ളവരെ പ്രധാന ചുമതലകള്‍ ഏല്‍പ്പിക്കുക. ഈ പ്രവര്‍ത്തനസമീപനത്തിന്റെ കമ്യൂണിസ്റ്റ് ഉദാഹരണമാണ് കാസ്ട്രോ.

ആദ്യം കാണുന്നത് അമ്പത്തിരണ്ടുകാരനായ ഫിദലിനെ. അത് 1978ല്‍ ഹവാനയില്‍ ലോക യുവജന– വിദ്യാര്‍ഥി മേളയുടെ വേദിയില്‍. ഇന്ത്യയില്‍നിന്ന് ഒപ്പമുണ്ടായിരുന്നത് പ്രകാശ് കാരാട്ട്, ബിമന്‍ ബസു, മണിക് സര്‍ക്കാര്‍, ഉദ്ദബ് ബര്‍മന്‍, ഇന്ദ്രാണി മജുംദാര്‍ തുടങ്ങിയവര്‍. കേരളത്തില്‍നിന്ന് കോടിയേരി ബാലകൃഷ്ണന്‍, പാട്യം രാജന്‍, ടി പി ദാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, രാമു കാര്യാട്ട്, ടി വി ബാലന്‍ തുടങ്ങിയവരും സംഘത്തില്‍. ലോകമേളയുടെ അവസാന ദിവസം അതിവിശാലമായ ലെനിന്‍ പാര്‍ക്കില്‍ പ്രതിനിധികള്‍ക്ക് സ്വതന്ത്രസല്ലാപത്തിനും കലാവിഷ്കാരങ്ങള്‍ക്കും സൌകര്യമൊരുക്കിയിരുന്നു. അതിന് മധ്യത്തേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന് ഫിദല്‍ സര്‍വരെയും അമ്പരപ്പിച്ചു.

പിന്നത്തെ അനുഭവമാണ് ആദ്യം പറഞ്ഞത്, 14 വര്‍ഷങ്ങള്‍ക്കുശേഷം. മൂന്നുമണിക്കൂറോളം സുര്‍ജിത്തുമായുള്ള ചര്‍ച്ചയ്ക്ക് സാക്ഷിയായിരിക്കുകയായിരുന്നു. ‘ഞങ്ങളുടെ നാട്ടുകാര്‍ക്ക് കൊണ്ടുവന്ന ഈ വിലപ്പെട്ട ഭൌതികസഹായത്തിന് പകരം ക്യൂബ ഇന്ത്യക്ക് തിരിച്ചുതരേണ്ടതെന്താണ്?”–ഫിദലിന്റെ ചോദ്യത്തിന് സുര്‍ജിത് ഇപ്രകാരം മറുപടി നല്‍കി: ‘വളരെ തുച്ഛമായ ഈ ഭൌതികസഹായം പ്രതീകാത്മകമായ ഞങ്ങളുടെ സംഭാവന മാത്രമാണെന്ന് കാണണം. ഇന്ത്യക്കാര്‍ മുഴുവന്‍ ആവേശപൂര്‍വം ക്യൂബയുടെ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന്റെ പിന്നിലുണ്ട്. ഞങ്ങള്‍ ചെയ്തത് ഞങ്ങളുടെ രാഷ്ട്രീയമായ സാര്‍വദേശീയ ബോധത്താല്‍ പ്രചോദിപ്പിക്കപ്പെട്ടതുകൊണ്ടാണ്. ഇത് കമ്യൂണിസ്റ്റ്കാരെന്ന നിലയില്‍ ഞങ്ങളുടെ കടമയാണ്.

കമ്യൂണിസ്റ്റുകാരല്ലാത്തവരും ഇതില്‍ ഞങ്ങളോട് സഹകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസുകാരനായ കെ എന്‍ സിങ് ഇതാ ഇവിടെ ഒപ്പമുള്ളത്.” ഇപ്രകാരം ഏറ്റവും ഉചിതമായി പ്രതിനിധിസംഘത്തലവന്‍ സുര്‍ജിത് സംസാരിച്ച് നിര്‍ത്തിയപ്പോഴാണ് ഞാന്‍ ചെറിയൊരു കാര്യം പറഞ്ഞോട്ടെയെന്ന് സുര്‍ജിത്തിനോട് അനുമതി ചോദിച്ചത്്. ഇയാള്‍ എന്താകും തട്ടിമൂളിക്കുകയെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഐക്യദാര്‍ഢ്യസമിതി കണ്‍വീനറാണല്ലോ എന്ന പരിഗണനകൊണ്ടാകും സഖാവ് സമ്മതിച്ചു. ക്യൂബയില്‍നിന്ന് ഒന്നും തിരിച്ച് പ്രതീക്ഷിച്ചല്ല ഞങ്ങള്‍ ഇത് ചെയ്തതെന്ന് സുര്‍ജിത് പറഞ്ഞതിന്റെ ചുവടുപിടിച്ച്, സ്പോര്‍ട്സിലും കലാസാഹിത്യരംഗങ്ങളിലും ചില സഹായങ്ങള്‍ ക്യൂബയില്‍നിന്ന് ഉണ്ടാകുന്നത് ഐക്യദാര്‍ഢ്യസമിതിയുടെ പ്രവര്‍ത്തനത്തെ ജനകീയമാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് ഞാന്‍ പറഞ്ഞു. ഉദാഹരണത്തിന്, ആയിടെ സമാപിച്ച ബാര്‍സിലോന (1992 ജൂലൈ– ആഗസ്ത്) ഒളിമ്പിക്സില്‍ ഒട്ടേറെ വികസിത മുതലാളിത്തരാജ്യങ്ങളെ പിന്നിലാക്കി ക്യൂബ അഞ്ചാമതെത്തിയ കാര്യം സൂചിപ്പിച്ചു. ചില പ്രദര്‍ശന സ്പോര്‍ട്സ് മത്സരങ്ങള്‍ നടത്താമെന്ന് പറഞ്ഞു. അപ്പോള്‍ ഫിദല്‍ പൊട്ടിച്ചിരിച്ചു: ‘സ്പോര്‍ട്സിലെ ക്യൂബ– ഇന്ത്യ മത്സരങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ സൌഹാര്‍ദം ശിഥിലമാകും. കാരണം ബോക്സിങ്ങിലും ഗുസ്തിയിലുമൊക്കെയാണ് ഞങ്ങള്‍ക്ക് കൂടുതല്‍ മെഡല്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരത്തിനിടയില്‍ പരിക്കുപറ്റിയാല്‍ വിഷമമുണ്ടാകില്ലേ?” ഇതുപറഞ്ഞ് അദ്ദേഹം ശരീരം കുലുങ്ങിക്കുലുങ്ങി ചിരിച്ചു. ഞങ്ങളും കൂടെക്കൂടി. ‘ഞങ്ങളുടെ ഫുട്ബോള്‍ ടീം വളരെ  പിന്നോക്കമാണ്. അവരെ അയച്ചുതരുന്നതാണ് നല്ലത്. ഇന്ത്യന്‍ ടീമിന് അവരെ തോല്‍പ്പിക്കാനാകും” എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.

‘സഖാവിന്റെ കൂട്ടുകാരനായ പ്രശസ്ത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിനെ ഇന്ത്യയില്‍ കുറേ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കാമോ”എന്നായി അടുത്ത ചോദ്യം. ‘വളരെ പ്രയാസം പിടിച്ച ജോലിയാണത്” എന്നുപറഞ്ഞ് അദ്ദേഹം വീണ്ടും ചിരിച്ചു. മാര്‍ക്വേസിന് ‘വിമാനയാത്രപ്പേടി’യുടെ പ്രശ്നമുണ്ട്. ഡല്‍ഹിയിലെ ചേരിചേരാ പ്രസ്ഥാന സമ്മേളനത്തില്‍ തന്റെ ഒപ്പം വടംകെട്ടിപ്പിടിച്ചതുകൊണ്ടാണ് പുള്ളിക്കാരന്‍ മടിച്ചുമടിച്ച് വിമാനത്തില്‍ കയറിയത് എന്ന കഥയും ഫിദല്‍ വിവരിച്ചു. ‘ശരി, സെര്‍ജി കൊറിയേറിയോട് സംസാരിച്ചുനോക്കൂ”എന്നൊരു നിര്‍ദേശം അദ്ദേഹം അവതരിപ്പിച്ചു. ക്യൂബന്‍ ഐക്യദാര്‍ഢ്യ കമ്മിറ്റി നേതാവും പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗവും പ്രശസ്ത ചലച്ചിത്ര അഭിനേതാവുമാണ് (അന്തരിച്ച) കോറിയേറി. കൊറിയേറിയോട് ഞാന്‍ സംസാരിച്ചുകഴിഞ്ഞുവെന്നും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഞാന്‍ സഖാവിനോട് അഭ്യര്‍ഥിച്ചതെന്നും വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം ചിന്തയിലാണ്ടു. ‘ശരി, നടക്കുമോയെന്നറിയില്ല” എന്ന് ആത്മഗതം നടത്തി.

പിന്നീട് നടന്ന രണ്ട് അന്താരാഷ്ട്ര ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതി സമ്മേളനങ്ങളുടെ വേദിയില്‍വച്ച് ആ ചരിത്രപുരുഷനെ കണ്ടുമുട്ടാന്‍ കഴിഞ്ഞു. അതില്‍ ആദ്യത്തേതില്‍ ആദ്യാവസാനം ചര്‍ച്ചകള്‍ കേട്ടുകൊണ്ടിരിക്കുകയും ചില പ്രത്യേക ചര്‍ച്ചാവേദികളില്‍ കുറിപ്പുകള്‍ എഴുതിക്കൊടുത്തുകൊണ്ട് സദസ്സിലിരിക്കുകയും ചെയ്ത  ഫിദല്‍ എപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു ചരിത്രസ്രഷ്ടാവിന്റെ മായാത്ത ചിത്രമാണ് നല്‍കുന്നത്. ക്യൂബയുടെ ജനജീവിതത്തെയും ലാറ്റിനമേരിക്കയുടെ രാഷ്ട്രീയത്തെയും ഫിദലും ചെ ഗുവേരയും എങ്ങനെ മാറ്റിമറിച്ചു എന്നത് ചരിത്രമാണ്.

ചെ ഗുവേരയൊടൊപ്പം ലാറ്റിനമേരിക്കയെയും അതുവഴി ലോകത്തെയും ഇളക്കിമറിച്ച അതുല്യവിപ്ളവനായകനായ ഫിദല്‍ ഇന്നും പതിവായി എഴുതുന്ന ലേഖനങ്ങളിലൂടെ സൂക്ഷ്മമായ അപഗ്രഥനങ്ങള്‍ വഴി, കുഴഞ്ഞുമറിഞ്ഞ ലോകസംഭവവികാസങ്ങളെ ലളിതമായി അവതരിപ്പിക്കുന്നു. യുഎസുമായുള്ള ക്യൂബയുടെ ബന്ധം സാധാരണ ഗതിയിലാകുന്നത് എപ്പോഴെന്ന ചോദ്യത്തിന് ഫിദല്‍ പതിറ്റാണ്ടുമുമ്പ് നല്‍കിയ മറുപടി വ്യാപകമായി ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ‘അമേരിക്കയ്ക്ക് കറുത്ത നിറക്കാരനായ ഒരു പ്രസിഡന്റുണ്ടാവുകയും വത്തിക്കാനില്‍ ലാറ്റിനമേരിക്കക്കാരനായ ഒരു പോപ്പ് വരികയും ചെയ്യുമ്പോള്‍’ എന്നായിരുന്നു ഫിദലിന്റെ ഉത്തരം. ചൂഷണമുക്തമായ ഒരു ലോകത്തിനായി പൊരുതുന്നവര്‍ക്ക് ചൂടും വെളിച്ചവും പകരുന്ന ശക്തിഗോപുരങ്ങളാണ് ഫിദലും ചെഗുവേരയും. സാമ്രാജ്യത്വം വധിച്ചില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ 88 വയസ്സുകാരനായി തന്റെ ജ്യേഷ്ഠസഹോദരസ്ഥാനത്തുള്ള ഫിദലിന്റെ ജന്മദിനത്തിന് ചെഗുവേരയും ഉണ്ടാകുമായിരുന്നു

Top