മിതവാദിയായ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്; മലര്‍ത്തിയടിച്ചത് കടുത്ത വലത് പക്ഷക്കാരനെ; അധികാരത്തിലേറുന്നത് തീവ്രപ്രണയത്തിന്റെ പ്രതീകം കൂടി

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എമ്മാനുവല്‍ മക്രോണിന് ജയം. 39കാരനായ മക്രോണ്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാകും. മക്രോണിന് 65.5 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ എതിരാളി ലെ പെന്നിന് 34.5 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളൂ. മക്രോണ്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും ഔദ്യോഗിക ഫല പ്രഖ്യാപനം വ്യാഴാഴ്ചയേ ഉണ്ടാകൂ.

വലത് വംശീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഷണല്‍ ഫ്രന്റിന്റെ സ്ഥാനാര്‍ത്ഥി മാരിന്‍ ലി പെന്നിന നിലംപരിശാക്കിക്കൊണ്ടാണ് മാക്രോണ്‍ ചരിത്ര വിജയം നേടിയിരിക്കുന്നത്. മിതവാദി പാര്‍ട്ടിയായ ഒന്‍ മാര്‍ഷിന്റെ സ്ഥാനാര്‍ഥിയായിരുന്നു മക്രോണ്‍. ഇതോടെ യൂറോപ്യന്‍ യൂണിയന്റെ നിലനില്‍പ്പ് ഭീഷണി ഇല്ലാതായിരിക്കുകയാണ്. 66ശതമാനം വോട്ട് നേടിയാണ് ഈ 39കാരന്‍ ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിത്തീര്‍ന്നിരിക്കുന്നത്. ലി പെന്നിനാകട്ടെ വെറും 34.5 ശതമാനം വോട്ട് മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മേയ് 14നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാന്‍സ്വ ഒളോന്ദിന്റെ കാലാവധി അവസാനിക്കുന്നത്. അന്നുതന്നെയോ തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കും. കഴിഞ്ഞ ദിവസം എമ്മാനുവേല്‍ മക്രോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവിവരങ്ങള്‍ ചോര്‍ത്തിയിരുന്നു. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി ചോര്‍ത്തിയ വിവരങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പരസ്യമാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതിനിടെ, മക്രോണ്‍ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് തീരുമാനിച്ചിരുന്ന പാരീസിലെ ലൂവ്ര് മ്യൂസിയത്തിന്റെ പരിസരത്തുള്ള ചത്വരത്തില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ പൊതി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒഴിപ്പിക്കലുണ്ടായതെന്ന് പോലീസ് പറഞ്ഞു.

1977 ഡിസംബര്‍ 21ന് അമീന്‍സിലാണ് മാക്രോണ്‍ ജനിച്ചത്. സീനിയര്‍ സിവില്‍ സെര്‍വന്റ്, ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍,തുടങ്ങിയ രംഗങ്ങളില്‍ അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. പാരീസ് നാന്റെറെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇദ്ദേഹം ഫിലോസഫി പഠിച്ചിരുന്നു. സയന്‍സസ് പോയില്‍ മാസ്റ്റേര്‍സ് ഓഫ് പബ്ലിക്ക് അഫയേര്‍സും കരസ്ഥമാക്കിയിരുന്നു. 2004ല്‍ ഇക്കോലെ നാഷണലെ ഡി അഡ്മിനിസ്‌ട്രേഷനില്‍ ഗ്രാജ്വേഷനുമെടുത്തു. റോത്ത് ചൈല്‍ഡ് ആന്‍ഡ് സി ബാന്‍ക്യൂവിലായിരുന്നു ഇദ്ദേഹം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറായി പ്രവര്‍ത്തിച്ചിരുന്നത്.

ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറെന്ന നിലയില്‍ മാക്രോണ്‍ ഉയരങ്ങളിലെത്തുകയും മില്യണുകള്‍ നേടുകയും ചെയ്തു. ഇപ്പോള്‍ പടിയിറങ്ങിയിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹോളണ്ടിന്റെ 2012ലെ ആദ്യ ഗവണ്‍മെന്റിന്റെ കാലത്ത് എക്കണോമിക് അഡൈ്വസറായി മാക്രോണ്‍ പ്രവര്‍ത്തിച്ചിരുന്നു. അന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലായിരുന്നു മാക്രോണ്‍. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം മാന്വല്‍ വാള്‍സ് സര്‍ക്കാരില്‍ എക്കണോമി മിനിസ്റ്ററുമായി. റേഡിയോ ഫ്രാന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മാത്യു ഗാലെറ്റുമായി മാക്രോണിന് സ്വവര്‍ലൈംഗിക ബന്ധമുണ്ടെന്ന ആരോപണം അതിനിടെ ഉയര്‍ന്ന് വരുകയും ചെയ്തിരുന്നു. ഗേ ലോബിയുടെ പിന്തുണ മാക്രോണിനുണ്ടെന്ന് എതിരാളികള്‍ പറഞ്ഞ് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

വെറും 39 വയസുള്ള മാക്രോണിന്റെ ഭാര്യയായ ബ്രിഗിറ്റെ ട്രോഗ് ന്യൂക്‌സിന് 64 വയസുണ്ട്. കൗമാരകാലത്ത് തന്നെ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ടീച്ചറും 25 വയസ് അധികമുള്ളയാളുമായ ഈ സ്ത്രീയെ മാക്രോണ്‍ പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. തങ്ങളുടെ നേതാവ് വിജയിക്കുന്നതറിഞ്ഞ് മാക്രോണിനെ പിന്തുണയ്ക്കുന്ന 10,000ത്തോളം പേര്‍ പാരീസിലെ ചരിത്രപ്രസിദ്ധ മ്യൂസിയം ലൗവ്‌റെ യുടെ കണ്‍ട്രിയാര്‍ഡില്‍ ഒത്ത് കൂടിയിരുന്നു. ത്രിവര്‍ണ ഫ്രഞ്ച് പതാകയും യൂറോപ്യന്‍ യൂണിയന്റെ നക്ഷത്ര ബാനറും ഇവര്‍ ആവേശത്തോടെ ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഫലമറിഞ്ഞ ലിപെന്‍ പരാജയം സമ്മതിക്കുകയും തന്റെ എതിരാളിയെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ഏതായാലും മാക്രോണിന്റെ വിജയത്തോടെ യൂറോപ്യന്‍ യൂണിയന്റെയും ഫ്രാന്‍സിന്റെയും പുതിയൊരു ചരിത്രമാണ് തുടങ്ങുന്നതെന്ന് രാഷ്ട്രീയ വിദഗ്ദ്ധര്‍ വിലയിരുത്തുന്നുണ്ട്. ബ്രെക്‌സിറ്റിന്റെ പാതയില്‍ ബ്രിട്ടന്‍ ഏറെ വിട്ട് വീഴ്ച ചെയ്യാനും ഇത് വഴിയൊരുക്കുമെന്ന പ്രവചനവും ശക്തമാണ്.

Top