മദനിക്ക് സുരക്ഷ ഒരുക്കാമെന്ന കേരളത്തിന്റെ വാദം തള്ളി;കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.

MADANI

ന്യുഡല്‍ഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയ്ക്ക് കേരളത്തിലേക്കു പോകുന്നതിന് സുരക്ഷാ ചെലവായി വൻ തുക ഈടാക്കാനുള്ള കർണാടക സർക്കാരിന്‍റെ നീക്കിത്തിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. സുരക്ഷയ്ക്കായി ഇത്രയധികം തുക ഈടാക്കുന്നത് അനുവദിക്കാനാകില്ല. സുരക്ഷയ്ക്കായി ടിഎ, ഡിഎ എന്നിവ മാത്രമേ അനുവദിക്കാനാകുകയുള്ളുവെന്നും സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുതുക്കിയ ചെലവ് പട്ടിക നാളെ തന്നെ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.ന്യായമായ തുക ഈടാക്കി മദനിയെ കേരളത്തിലേക്ക് കൊണ്ടുപോകാമെന്നായിരുന്നു കോടതി നേരത്തെ നിര്‍ദേശിച്ചത്. എന്നാല്‍ ഇത്രയും ഭീമമായ തുക ഈടാക്കുന്ന നടപടി കോടതി വിധിയെ നിസാരമായി കാണുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി.
കേരളത്തില്‍ എത്തുന്നതിന് സുരക്ഷാ ചെലവിലേക്കായി 14 ലക്ഷം രൂപയാണ് മദനിയോട് കര്‍ണാടക ആവശ്യപ്പെട്ടത്. ഉദ്യോഗസ്ഥരുടെ ചെലവുകള്‍ അടക്കമുള്ള തുകയാണ് ആവശ്യപ്പെട്ടിരുന്നത്. ഒരു ഉദ്യോഗസ്ഥന് പ്രതിദിനം 8,400 രൂപ നിരക്കിലായിരുന്നു പട്ടിക നല്‍കിയിരുന്നത്. ഉദ്യോഗസ്ഥന്റെ ഒരു ദിവസത്തെ ശമ്പളവും മറ്റും ഉള്‍പ്പെടുത്തിയാണ് ഈ തുക കാണിച്ചിരുന്നത്.
ഇത്രയും ഭീമമായ തുക നല്‍കാന്‍ കഴിയില്ലെന്ന് കാണിച്ച് മദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. കര്‍ണാടകയുടെ പട്ടിക വിശദമായി പരിശോധിച്ച കോടതി, സുരക്ഷാ ഏര്‍പ്പെടുത്തേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും അതിന് പ്രത്യേക പണം നല്‍കേണ്ടതില്ലെന്നും ചുമതലയിലുള്ള ദിവസങ്ങളിലെ ടി.എയും ഡി.എയും മാത്രം നല്‍കിയാല്‍ മതിയാകുമെന്നും വ്യക്തമാക്കി. ഇതുപ്രകാരമുള്ള പുതുക്കിയ പട്ടികയാണ് നാളെ സമര്‍പ്പിക്കേണ്ടത്.അതേസമയം, മദനിക്ക് സുരക്ഷ ഒരുക്കാന്‍ കര്‍ണാടകയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അക്കാര്യം കേരള പോലീസ് നിര്‍വഹിക്കാമെന്ന് കേസ് പരിഗണിക്കുന്നതിനിടെ കേരള സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇത് കോടതി തുടക്കത്തിലെ തന്നെ തള്ളിക്കളഞ്ഞു. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ള ഒരു വ്യക്തിക്ക് സുരക്ഷ ഒരുക്കേണ്ടത് കര്‍ണാടകയുടെ ചുമതലയാണ്. അതില്‍ കേരളം ഇടപെടേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മദനി കേരളത്തില്‍ പ്രവേശിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷ വേണമെന്ന് കര്‍ണാടക പോലീസ് ആവശ്യപ്പെടുന്ന പക്ഷം മാത്രം സുരക്ഷ നല്‍കിയാല്‍ മതിയാകുമെന്നും കോടതി വ്യക്തമാക്കി.അതേസമയം, മഅദനിയുടെ സുരക്ഷയെകുറിച്ച് കേരള സർക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. മഅദനിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. മഅദനിയുടെ കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലാക്കാനാണു കര്‍ണാടക സര്‍ക്കാരിന്‍റെ ശ്രമം. മഅദനിയുടെ കാര്യത്തിൽ നീതി നിഷേധമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Top