സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: മലയാളത്തിന്റെ മഹാ എഴുത്തുകാരി മാധവിക്കുട്ടി ലവ് ജിഹാദിനു ഇരയായെന്ന രീതിയിൽ അമി. കമലിന്റെ പുതിയ മഞ്ജുവാര്യർ ചിത്രം ആമി മാധവിക്കുട്ടിയുടെ ജീവിതം പൂർണമായി മാറ്റിമറിച്ചതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഘപരിവാർ ചിത്രത്തിനെതിരെ രംഗത്ത് എത്തുമെന്നു ഭയന്ന് കമൽ സിനിമയുടെ തിരക്കഥയിലും ആമിയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ, തീയറ്ററിൽ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയ ചിത്രത്തെ പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ വിവാദങ്ങളെന്ന ആരോപണവും ഒരു വശത്ത് ഉയരുന്നുണ്ട്. ഇതിനിടെ ജന്മഭൂമിയുടെ മുൻ പത്രാധിപ ലീലാ മേനോന്റെ പരാമർശങ്ങളും വിവാദമായിട്ടുണ്ട്.
ചിത്രീകരണം തുടങ്ങും മുൻപു തന്നെ കാസ്റ്റിങ്ങിന്റെ പേരിൽ വിവാദത്തിൽ കുടുങ്ങിയ സിനിമയാണ് ആമി. ചിത്രത്തിൽ ആദ്യം ബോളിവുഡ് താരം വിദ്യാബാലനെയാണ് നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ, കമലിന്റെ രാഷ്ട്രീയ നിലപാടുകൾ സംഘപരിവാറിനു എതിരായതോടെ മോദിയുടെ ശുചിമുറി പരസ്യത്തിന്റെ ബ്രാൻഡ് അംബാസിഡറായ വിദ്യ ചിത്രത്തിൽ നിന്നും പിന്മാറി. ഇതോടെ ആമിയുടെ വിവാദവും തുടങ്ങി. പിന്നീട് തിരുവനന്തപുരം രാജ്യാന്തര ലച്ചിത്രമേളയിലുണ്ടായ വലിയ വിവാദത്തോടെ കമൽ സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറി. കമലിന്റെ പേര് കമാലുദീൻ എന്നാണെന്ന പ്രചാരണവുമായി സംഘപരിവാരം രംഗത്ത് എത്തുകയും ചെയ്തു. ഇതിനിടെ മഞ്ജുവാര്യരെ മാധവിക്കുട്ടിയാക്കി കമൽ സിനിമ ചിത്രീകരണം പൂർത്തിയാക്കി. ചിത്രം ഇന്ന് കേരളത്തിലെ തീയറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തു.
എന്നാൽ, കമലിന്റെ ആമി പക്ഷേ മാധവിക്കൂട്ടിയുടെ ജീവിത കഥയിലെ യാഥാർഥ്യങ്ങളെ ആനാവരണം ചെയ്യുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. അവസാന കാലത്ത് മാധവിക്കുട്ടി മതംമാറുന്നത് ലവ് ജിഹാദ് മൂലമാണെന്നു പറയാതെ പറയുകയാണ് സിനിമ ചെയ്യുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇത് സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടയ്ക്കു മുന്നിൽ മുട്ടു മടക്കുന്നതിനെ തുടർന്നാണെന്നാണ് ആരോപണം. സംഘപരിവാരത്തെ ഭയന്ന കമൽ സിനിമയുടെ തിരക്കഥ തന്നെ മാറ്റിയതായും ആരോപണം ഉയർന്നിട്ടുണ്ട്.
ഇതിനിടെയാണ് മാധവിക്കുട്ടിയുടെ ജീവിതത്തെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി പത്രപ്രവർത്തക ലീലാ മേനോൻ രംഗത്ത് എത്തിയിരിക്കുന്നത്. മാധവിക്കുട്ടി ഇഷ്ടമില്ലാതെ മതം മാറ്റത്തിനു വിധേയയാകുകയായിരുന്നു എന്നാണ് ഇപ്പോൾ ലീല വെളിപ്പെടുത്തിയിരിക്കുന്നത്. വൃന്ദാവനത്തിലെ കൃഷ്ണനെ കാത്ത് കഴിയുന്ന വിരഹിണിയായ രാഥയായിരുന്നു മാധവിക്കുട്ടിയെന്നും ഇവർ പറയുന്നു. മാധവിക്കുട്ടി ലവ് ജിഹാദിനു വിധേയയായതായും, ഇതുവഴി മതം മാറ്റപ്പെട്ടതാണെന്നുമാണ് ലീല പറഞ്ഞു വയ്ക്കുന്നത്. മാധവിക്കുട്ടി അവസാന നാളുകളിൽ കഴിഞ്ഞിരുന്ന പൂനെയിൽ ഞാനും എന്റെ സുഹൃത്ത് ശാരദാ രാജീവനും എത്തിയപ്പോൾ ശാരദയെക്കൊണ്ട് കാർമ്മുകിൽ വർണ്ണന്റെ ചുണ്ടിൽ എന്ന ഗാനം കമല പാടിപ്പിച്ചതായും ലീലാ മേനോൻ പറയുന്നു. ഞങ്ങളെക്കൊണ്ട് ലളിതാ സഹസ്രനാമം ചൊല്ലിപ്പിക്കുകയും ചെയ്തു. എല്ലാ ദിവസവും ഉറങ്ങും മുൻപ് പരിചാരിക അമ്മുവിനോടു നാരായണ നാരായണ എന്ന് ചൊല്ലാൻ മാധവിക്കുട്ടി ആവശ്യപ്പെടുമായിരുന്നു. ഇസ്ലാം ആയ ശേഷവും താൻ ഗുരുവായൂരിലെ കൃഷ്ണനെ കൂടെ കൊണ്ടു പോന്നു എന്നാണ് മാധവിക്കുട്ടി അവകാശപ്പെട്ടിരുന്നതെന്നും ലീലാ മേനോൻ വെളിപ്പെടുത്തുന്നു.