ശുചിത്വപാലനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മധുര മീനാക്ഷി ക്ഷേത്രം. സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ 100 പൈതൃക സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ വിജയിച്ചാണ് മീനാക്ഷി ക്ഷേത്രം ഒന്നാമതെത്തിയത്. താജ്മഹൽ, സുവർണ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം തുടങ്ങിയവ ശുചിത്വപട്ടികയുടെ അദ്യ പത്തിൽ സ്ഥാനം നേടിയിട്ടുണ്ട്. സന്ദർശകരുടെയും ക്ഷേത്രം ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായാണ് നേട്ടം കൈവരിക്കാനായതെന്നു ക്ഷേത്ര അധികൃതർ അറിയിച്ചു. ശുചിത്വ കാര്യങ്ങൾക്കുവേണ്ടി മാത്രം 60 ജീവനക്കാരാണ് ക്ഷേത്രത്തിലുള്ളത്. മോപ്പിംഗ് മെഷീൻ, ഹൈഡ്രോളിക് ലാഡർ, വാട്ടർ എയർഗണ്‍ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളും ക്ഷേത്രപരിസരം വൃത്തിയാക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇതിനുപുറമേ ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പ്ലാസ്റ്റിക്കിനു നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രപരിസരം വൃത്തിഹീനമാക്കുന്നവർക്ക് 50 രൂപ പിഴയുമുണ്ട്. എന്നാൽ, ഇതുവരെ ആർക്കും പിഴ ചുമത്തേണ്ടിവന്നിട്ടില്ലെന്നും അത്രമേൽ സഹകരണമാണ് സന്ദർശകരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
വൃത്തിയിൽ ഒന്നാമത് മധുര മീനാക്ഷി ക്ഷേത്രം
Tags: madhura meenakshi temple