മനുഷ്യ ജീവിതത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും ജ്യോതിഷം സ്വാധീനിക്കും: മധ്യപ്രദേശ് സര്‍ക്കാര്‍; പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ നീക്കം

ഭോപ്പാല്‍: വിദ്യാഭ്യാസ പദ്ധതിയില്‍ വിവാദ നീക്കങ്ങളുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ജ്യോതിഷത്തെയും വാസ്തുവിനെയും പൗരോഹിത്യത്തെയും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളെ പഠിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. കാലാവസ്ഥാ വ്യതിയാനത്തെയും മനുഷ്യജീവിതത്തെയും സ്വാധീനിക്കാന്‍ ജ്യോതിഷത്തിന് കഴിവുണ്ടെന്ന് ഊന്നിപ്പറഞ്ഞാണ് ഇവ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഷയങ്ങളില്‍ ഒരു വര്‍ഷം നീളുന്ന ഡിപ്ലോമ കോഴ്സ് ആരംഭിക്കുമെന്നാണ് മന്ത്രി വിജയ് ഷാ അറിയിച്ചിരിക്കുന്നത്.

ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പ്രധാനപ്പെട്ട ബിംബങ്ങളാണ് ജ്യോതിഷവും വാസ്തുവും പൗരോഹിത്യവുമെല്ലാം. അവയെ പരിപോഷിപ്പിക്കുന്നതിന് വേണ്ട എല്ലാ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍കൈ എടുക്കുമെന്നും മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും മാറുന്ന മാനുഷിക സാഹചര്യങ്ങളും മനസ്സിലാക്കാന്‍ നല്ല ജ്യോതിഷികളെ ആവശ്യമുണ്ടെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭോപ്പാല്‍ ആസ്ഥാനമായ മഹര്‍ഷി പതഞ്ജലി സാന്‍സ്‌കൃത് സന്‍സ്ഥാനിന്റെ നേതൃത്വത്തിലാവും കോഴ്സുകള്‍ നടത്തപ്പെടുക. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 2008ല്‍ നിലവില്‍ വന്നതാണ്. ക്ലാസ്സുകള്‍ ഡിസംബര്‍ 15ന് ആരംഭിക്കുമെന്ന് സ്ഥാപന ഡയറക്ടര്‍ പി.ആര്‍.തിവാരി അറിയിച്ചു. ഹിന്ദിയാവും പഠനമാധ്യമം. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള ആര്‍ക്കും കോഴ്സുകളില്‍ ചേരാം. പ്രായമോ ജാതിയോ ലിംഗമോ ഒന്നും മാനദണ്ഡമല്ലെന്നും അദ്ദേഹം അറിയിച്ചു.

ഇരുപതിനായിരം രൂപയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. ഇരുപത് പേര്‍ക്കാണ് ഓരോ ക്ലാസ്സിലും പ്രവേശനം നല്‍കുക. ഹസ്തരേഖാ ശാസ്ത്രവും മുഖലക്ഷണ ശാസ്ത്രവുമെല്ലാം സിലബസ്സിലുള്‍പ്പെടുത്തിയിരിക്കുന്ന ജ്യോതി കോഴ്സില്‍ ഭാഗമാകാന്‍ ഇതുവരെ 15 പേര്‍ അപേക്ഷ നല്‍കിയതായാണ് വിവരം. പൗരോഹിത്യത്തിലും വാസ്തുവിലും അപേക്ഷ നല്‍കിയിരിക്കുന്നത് നാല് പേര്‍ വീതമാണ്.

Top