ഇന്‍ഡോര്‍: മധ്യപ്രദേശിലെ കര്‍ഷകരുടെ പ്രതിഷേധ സമരത്തിന് നേരെ പൊലീസ് വെടിവയ്പ്പ്. വെടിവയ്പ്പില്‍ രണ്ടു കര്‍ഷകര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. പശ്ചിമ മധ്യപ്രദേശിലെ മന്‍ദസൂരില്‍ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന പ്രതിഷേധമാണ് അക്രമാസക്തമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി.
കഴിഞ്ഞ നാലു ദിവസമായി മധ്യപ്രദേശിലെ കര്‍ഷകര്‍ വലിയ പ്രക്ഷോഭത്തിലാണ്. ഉള്ളി, പരിപ്പ് ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കണം. ബിജെപി തന്നെ ഭരിക്കുന്ന മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ചെയ്തതുപോലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണം തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീ ഇടുകയും ചെയ്തു. പല കടകളും കൊള്ളയടിക്കുകയും ചെയ്തു.
പ്രതിഷേധത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ 12,000 ലീറ്റര്‍ പാല്‍ റോഡില്‍ ഒഴുക്കിക്കളഞ്ഞു. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പാലിനും പച്ചക്കറിക്കും ക്ഷാമം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.