ചെന്നൈ: കാലി വില്‍പനിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതിയുടെ സറ്റേ. കോടതിയുടെ മധുര ബെഞ്ചാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക ആവകാശമാണെന്നും ഇതില്‍ ഇടപെടാന്‍ കേന്ദ്രത്തിന് എന്ത് അവകാശമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.
നാലാഴ്ചത്തേക്കാണ് കോടതി ഇപ്പോള്‍ സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. ഇതിനകം വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. ആക്ടിവിസ്റ്റും അഭിഭാഷകനുമായ സെല്‍വഗോമതിയാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
1960ലെ മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ കീഴിലാണ് കേന്ദ്രം കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിയന്ത്രിച്ചത്. എന്നാല്‍ കേന്ദ്ര വിജ്ഞാപനത്തില്‍ 1960ലെ നിയമവുമായി അടിസ്ഥാനപരമായ വൈരുധ്യങ്ങളുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
മതപരമായ ആവശ്യങ്ങള്‍ക്കായുള്ള കശാപ്പിനായും കാലിച്ചന്ത വഴി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്ര വിജ്ഞാപനത്തില്‍ നിരോധിച്ചിരുന്നു. എന്നാല്‍, മതപരമായ ആവശ്യത്തിനായി കന്നുകാലികളെ വധിക്കുന്നതിനെ ഒരുതരത്തിലും എതിര്‍ക്കുന്നില്ലെന്ന് 1960ലെ നിയമത്തില്‍ എടുത്തുപറയുന്നുണ്ടെന്ന് ഹര്‍ജി ചൂണ്ടിക്കാണിക്കുന്നു.