ലാബ് ടെസ്റ്റ് അനുകൂലം; ന്യൂഡില്‍സ് വീണ്ടും വിപണിയിലേയ്ക്ക്

ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതി നിര്‍ദേശിച്ച മൂന്നു ലാബ് ടെസ്റ്റുകളിലും മാഗിനുഡില്‍സിന് അനുകൂലമായ റിപ്പോര്‍ട്ട് ലഭിച്ചതായി നെസ്‌ലെ ഇന്ത്യ അറിയിച്ചു. ലെഡ് അമിത തോതില്‍ കാണപ്പെട്ടതിനേത്തുടര്‍ന്ന് വിപണിയില്‍ നിരോധിക്കപ്പെട്ട മാഗി ഇതോടെ വിപണിയിലേക്കു തിരിച്ചുവരാന്‍ കളമൊരുങ്ങി. മൂന്ന് അംഗീകൃത ലാബുകളില്‍നിന്നും അംഗീകാരം ലഭിച്ച പുതിയ ഉത്പന്നമേ വിപണിയിലിറക്കൂ എന്നു നെസ്‌ലെ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മാഗി നൂഡില്‍സിന്റെ ആറു വിഭാഗങ്ങളിലെ 90 സാമ്പിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. പരിശോധനയില്‍ ലെഡിന്റെ അളവ് അനുവദനീയമായ തോതിലും വളരെ കറുവാണെന്നു കണ്ടെത്തിയതായി നെസ്‌ലെ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ മാഗി നൂഡില്‍സ് വിപണിയിലേക്കു തിരിച്ചുകൊണ്ടുവരാനാണു നെസ്‌ലെ ഇന്ത്യയുടെ പദ്ധതി. ദേശീയ, രാജ്യാന്തര അംഗീകാരമുള്ള ലാബുകളില്‍ മൂവായിരത്തഞ്ഞൂറോളം പരിശോധനകള്‍ നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ടെന്നു കമ്പനി അവകാശപ്പെടുന്നു. അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടത്തിയ ടെസ്റ്റുകളിലും മാഗി നുഡില്‍സ് ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു.

Top