കൊച്ചി: കര്‍ണ്ണാടകയിലെ സുള്ള്യയില്‍ വച്ച് മദ്യലഹരിയില്‍ അടിപിടിയുണ്ടാക്കിയതിന് പൊലീസ് കേസെടുത്ത കാസര്‍കോട്ടെ മജിസ്ട്രേറ്റ് ആത്മഹത്യ ചെയ്തു. പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ഭരണ വിഭാഗത്തില്‍ നിന്നും നടപടി നേരിട്ടതിനെ തുടര്‍ന്നാണ് വി കെ ഉണ്ണിക്കൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തെ ക്വാട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സുള്ള്യ സംഭവങ്ങളെ തുടര്‍ന്നുണ്ടായ മാനഹാനിയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗനം.
ജില്ല ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാലാണ് മജിസ്ട്രേറ്റിനെ സസ്പെന്റ് ചെയ്തത്. കര്‍ണാടകയില്‍ പോയി പൊലീസിനോടും മറ്റും മോശമായി പെരുമാറിയെന്ന് കാസര്‍കോട്ടെ മജിസ്ട്രേട്ടിനെതിരെ പരാതിയുണ്ടായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം കര്‍ണ്ണാടകയില്‍ ടൂറിന് പോയപ്പോഴാണ് സംഭവമുണ്ടായത്. മജിസ്ട്രേറ്റ് മദ്യപിച്ച് ബഹളമുണ്ടാക്കി ഓട്ടോക്കാരനെ മര്‍ദ്ദിച്ചവെന്നായിരുന്നു പരാതി. തര്‍ക്കം പരിഹരിക്കാനെത്തിയ കര്‍ണാടക പൊലീസ് ഇന്‍സ്പെക്ടറെയും പൊലീസുകാരെയും മര്‍ദ്ദിക്കുകയും ചെയ്തെന്നും പരാതിയുണ്ടായിത്. ഇതോടെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പരുക്കേറ്റ കര്‍ണാടക സ്വദേശികളായ ഓട്ടോഡ്രൈവറും രണ്ടു പൊലീസുകാരും സുള്ള്യ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് ദിവസം മുമ്പ് ഉച്ചയ്ക്ക് 12.30നു സുള്ള്യ ടൗണിലാണു സംഭവം. കാസര്‍കോട്ടുനിന്നു സുഹൃത്തുക്കളായ ചില അഭിഭാഷകര്‍ക്കൊപ്പം സുള്ള്യയിലെത്തിയതായിരുന്നു മജിസ്ട്രേട്ട്. മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ കയറിയ മജിസ്ട്രേട്ട് ഡ്രൈവറുടെ നേരെ തട്ടിക്കയറുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
ഓട്ടോ ഡ്രൈവര്‍ സുള്ള്യയിലെ അബൂബക്കറെ ഒരാള്‍ മര്‍ദിക്കുന്നത് കണ്ട് നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഡ്രൈവറെ മജിസ്ട്രേട്ട് മര്‍ദിക്കുകയായിരുന്നു. അതേസമയം മജിസ്ടേറ്റിന് പൊലീസ് കസ്റ്റഡിയിലും മര്‍ദ്ദനമേറ്റിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ തന്നെ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു.
സുള്ള്യ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ അധികം കൂലിചോദിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് മജിസ്ട്രേറ്റിന്റെ വാദം. ക്ഷേത്രത്തിലേക്ക് പോകേണ്ടിവന്നത് പെട്ടെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ അനുമതി വാങ്ങാന്‍ കഴിഞ്ഞില്ല. മദ്യപിച്ചിരുന്നില്ലെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസാണ് മദ്യം വായില്‍ ഒഴിച്ചതെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐഐആറിലെ വാദങ്ങള്‍ മറിച്ചാണ്.
ഉണ്ണികൃഷ്ണന്‍ നവംബര്‍ അഞ്ചിന് 12.30ന് സുള്ള്യ കെഎസ്ആര്‍ടിസിക്ക് പരിസരത്ത്, മദ്യപിച്ച നിലയില്‍ ഓട്ടോ ഡ്രൈവര്‍മാരെ മര്‍ദിച്ചുവെന്നും തടയാന്‍ ഇടപെട്ട രണ്ടു പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി വധഭീഷണി മുഴക്കിയെന്നുമാണ് സുള്ള്യ പൊലീസ് എഫ്എആര്‍ രജിസ്റ്റര്‍ ചെയ്തത്. കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മജിസ്ട്രേറ്റ് ചെയ്തതായി എഫ്ഐആറില്‍ പറയുന്നു. സുള്ള്യ സര്‍ക്കിളിലെ കോണ്‍സ്റ്റബിള്‍മാരായ അബ്ദുല്‍ ഖാദര്‍, സച്ചിന്‍ എന്നിവരെ മജിസ്ട്രേറ്റിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് സുള്ള്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഹൈക്കോടതി രജിസ്ട്രാര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സിജെഎം റിപ്പോര്‍ട്ട് നല്‍കിയത്.