മുംബയ്: പാഠപുസ്തകങ്ങളില്‍ യുക്തിയ്ക്ക് നിരക്കാത്തതും തെറ്റായ വിവരങ്ങളും ഉള്‍പ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തില്‍ എറ്റവും പുതിയതാണ് മഹാരാഷ്ട്രയിലെ മഹാരാഷ്ട്രയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സോഷ്യോളി പാഠപുസ്തകത്തില്‍ വന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവന. വൈരൂപ്യവും വൈകല്യവുമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും സ്ത്രീധനം വാങ്ങാന്‍ കാരണമെന്നാണ് മഹാരാഷ്ട്രയിലെ പാഠപുസ്‌കം പറയുന്നത്. ഇന്ത്യയിലെ സാമുഹിക വിപത്തുകള്‍ എന്ന ഭാഗത്തിലാണ് സ്ത്രീധനവും, കാരണങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവാദമായ പുസ്തകം സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി എജ്യുക്കേഷന്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
വിവാഹപ്രയമായ ഒരു പെണ്‍കുട്ടിക്ക് സൗന്ദര്യമില്ലെങ്കിലോ, വികലാംഗയോ ആണെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ പ്രയാസമായിരിക്കുമെന്നും ഇതിനാല്‍ തന്നെ വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുമെന്നും പാഠഭാഗത്തില്‍ പറയുന്നു. പെണ്‍കുട്ടിയുടെ വൈരൂപ്യം കാരണം വരന്റെ വീട്ടുകാരുടെ മുന്നില്‍ നിസ്സഹയരാവുന്ന പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൂടുതല്‍ സ്ത്രീധനം നല്‍കുന്നുവെന്നും പാഠഭാഗത്തില്‍ പറയുന്നു.
എന്നാല്‍, സംഭവം വിവാദമായ സാഹചര്യത്തില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ഡെ പാഠഭാഗത്തെക്കുറിച്ചുള്ള പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ഇത്തരത്തിലുള്ള വിവാദമായ പ്രസ്താവന പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയവര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍ ഗംഗാദര്‍ മാമനെ സൂചിപ്പിച്ചിട്ടുണ്ട്.