മഹാരാഷ്ട്രയിലെ കര്‍ഷക ആത്മഹത്യകള്‍; കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വര്‍ധിച്ചു വരുന്ന കര്‍ഷക ആത്മഹത്യയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ 639 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. ഇതേ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചത് പ്രകാരം കടം തിരിച്ചടക്കാന്‍ സാധിക്കാത്തതിനാലും വിളനാശത്തെ തുടര്‍ന്നും മൂന്ന് മാസത്തിനുള്ളില്‍ 639 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. തുടര്‍ന്ന് കര്‍ഷക ആത്മഹത്യകളെ കുറിച്ച് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും വിശദമായ റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു.

നിലവില്‍ കര്‍ഷകര്‍ക്കായുള്ള പദ്ധതിയുടെ അവസ്ഥയെന്താണെന്നും ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ എന്ത് സഹായമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതില്‍ 174പേരുടെ കുടുംബത്തിന് മാത്രമേ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുള്ളു. 122 പേരുടെ കുടുംബത്തിന് ധനസഹായത്തിന് അര്‍ഹതിയില്ലെന്നും 329 കേസുകള്‍ ഇപ്പോഴും അന്വേഷണത്തിലാണെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം. മഹാരാഷ്ട്ര അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷക ആത്മഹത്യകള്‍ സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top