എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസത്തോളമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അവര്‍. പദ്മവിഭൂഷണും മാഗ്സസെ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവുമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
1926 ല്‍ ധാക്കയിലാണ് മഹാശ്വേത ജനിച്ചത്. പിതാവ് മനീഷ് ഘട്ടക് പ്രശസ്തനായ കവിയും നോവലിസ്റ്റുമായിരുന്നു. മാതാവ് ധരിത്രീദേവി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായിരുന്നു. പിതാവിന്റെ ഇളയ സഹോദരനായിരുന്നു പ്രശസ്ത ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്. 1964 ല്‍ ബിജോയ്ഗര്‍ കോളജില്‍ അധ്യാപികയായി ഔദ്യോഗികജീവിതം തുടങ്ങിയ മഹാശ്വേത സാഹിത്യ രചനയും പത്രപ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോയി.ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട് .ധാക്കയിലായിരുന്നു മഹാശ്വേതാ ദേവിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. വിഭജനത്തിനു ശേഷം ബംഗാളിലെത്തിയ അവര്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ ഇംഗ്ലിഷ് ബിരുദത്തിനു ചേര്‍ന്നു. പിന്നെ കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന് എംഎ പൂര്‍ത്തിയാക്കി. പ്രശസ്ത നാടകകൃത്തും ഇപ്റ്റയുടെ സ്ഥാപകരില്‍ ഒരാളുമായ ബിജോന്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചു. 1959 ല്‍ വിവാഹമോചനം നേടി. മകന്‍ നബാരുണ്‍ ഭട്ടാചാര്യ അറിയപ്പെടുന്ന നോവലിസ്റ്റാണ്.
1956 ല്‍ പൂര്‍ത്തിയാക്കിയ “ത്സാന്‍സി റാണി”യാണ് ആദ്യ കൃതി. ഹജാര്‍ ചുരാസിര്‍ മാ,ആരണ്യേര്‍ അധികാര്‍, അഗ്നി ഗര്‍ഭ ,ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍, ബഷി ടുഡു, തിത്തു മിര്‍, ദ്രൗപതി,രുധാലി, ബ്യാധ്ഖണ്ടാ എന്നിവ പ്രധാന കൃത്രികളാണ്. രുദാലി, ഹാജര്‍ ചുരാസിര്‍ മാ എന്നിവയുള്‍പ്പെടെ അഞ്ച് കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്.
1986 രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1996 ഇന്ത്യയിലെ പരമോന്നതസാഹിത്യ ബഹുമതിയായ ജ്ഞാനപീഠത്തിന് അര്‍ഹയായി. പത്മ വിഭൂഷണ്‍, മാഗ്സസെ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, ബംഗാബിഭൂഷണ്‍ എന്നിങ്ങനെയുള്ള പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായി.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാറിന്‍റെ വ്യവസായിക നയങ്ങളെ തുറന്നെതിര്‍ത്ത മഹാശ്വേത, കാര്‍ഷിക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും വ്യവസായിക വികസനത്തിനെന്നപേരില്‍ കൃഷിഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രക്ഷോഭം നയിക്കുകയും ചെയ്തു. നന്ദിഗ്രാമിലെയും സിംഗൂരിലെയും സമരങ്ങളിലും മഹാശ്വേത വ്യക്തമായ നിലപാടുകളുമായി പോര്‍മുഖത്തു വന്നു. കേരളത്തിലത്തെിയ അവര്‍ ടി.പി ചന്ദ്രശേഖരന്‍ വധമുള്‍പ്പെടെ വിഷയങ്ങളില്‍ ശക്തമായി പ്രതികരിച്ചിരുന്നു.