കോട്ടയം: കിണറു വൃത്തിയാക്കാൻ സ്ഥാപിച്ചിരുന്ന ഡിസൽ പമ്പിൽ നിന്നുള്ള പുക ശ്വസിച്ചു കിണറ്റിനുള്ളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം മൂന്നു പേർ മരിച്ചു. കിണർ വൃത്തിയാക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളും, കിണറ്റിൽ കുടുങ്ങിയ ഇവരെ രക്ഷിക്കാനിറങ്ങിയ കെട്ടിട നിർമാണ തൊഴിലാളിയുമാണ് മരിച്ചത്. വെള്ളം വറ്റിക്കുന്നതിനായി കിണറ്റിനുള്ളിൽ സ്ഥാപിച്ചിരുന്ന ഡീസൽ പമ്പിൽ നിന്നുള്ള പുകശ്വസിച്ചാണ് മൂന്നു പേരും മരിച്ചത്.
ബംഗാളിലെ മാൾഡ സ്വദേശികളായ മുസ്താർ, ജഹാൻഗീർ എന്നിവരും, ഇവരെ രക്ഷിക്കാനിറങ്ങിയ നെടുങ്ങാടപ്പള്ളി ശാന്തിപുരം ചക്കുങ്കൽ വീട്ടിൽ ആന്റണി വർഗീസ് (ഷിബു 45)സുമാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കുറിച്ചി കാലായിപ്പടി ഇടശേരിയിൽ ചെല്ലപ്പൻ വാടകയ്ക്കു കൊടുത്ത വീടിനു മുന്നിലെ കിണർ വൃത്തിയാക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ വിഷപ്പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടത്തിനെ തുടർന്നു കിണറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. കിണർ വൃത്തിയാക്കുന്നതിനായി ഇവർ ഇവിടെ ഡീസൽ പമ്പ് എത്തിച്ചിരുന്നു. ഈ ഡീസൽ പമ്പ് ആദ്യം കിണറിനു പുറത്തു വച്ചു പ്രവർത്തിപ്പിക്കുകയായിരുന്നു. എന്നാൽ, ഏറെ ആഴമുള്ള കിണറ്റിനുള്ളിലേയ്ക്കു മോട്ടോറിന്റെ പൈപ്പ് എത്താതെ വന്നതോടെ ഇവർ പമ്പ് കിണറ്റിനുള്ളിലേയ്ക്കു ഇറക്കി വച്ചു.
തുടർന്നു മുസ്താർ ആദ്യം കിണറ്റിലേയ്ക്കു ഇറങ്ങുകയായിരുന്നു. ഇതിനിടെ ഡീസൽ പമ്പ് നിന്നു പോയി. തുടർന്നു വീണ്ടും ഡീസൽ നിറച്ച ശേഷം മുസ്താർ പമ്പ് പ്രവർത്തിപ്പിച്ചു. ഈ സമയം പമ്പിൽ നിന്നു കറുത്ത പുക ഉയർന്നു. ഈ പുക കിണറിനുള്ളിൽ വ്യാപിച്ചതോടെ അസ്വസ്ഥത അനുഭവപ്പെട്ട മുസ്താർ കുഴഞ്ഞു വീണു. ഇതു കണ്ടു നിന്നിരുന്ന ജഹാൻഗീർ, മുസ്താറിനെ രക്ഷിക്കാൻ കിണറ്റിനുള്ളിലേയ്ക്കു ചാടിയിറങ്ങി. എന്നാൽ, പാതിവഴി എത്തിയപ്പോൾ തന്നെ അസ്വസ്ഥത അനുഭവപ്പെട്ട് ജഹാംഗീറും താഴെ വീണു. ഇതെല്ലാം കണ്ടു കൊണ്ട് കിണറ്റിന്റെ കരയിൽ നിൽക്കുകയായിരുന്ന ഷിബു, ഇവരെ രക്ഷിക്കുന്നതിനായി കിണറ്റിലേയ്ക്കു ചാടിയിറങ്ങി. കരയിൽ നിൽക്കുന്നവരുടെ കയ്യിൽ ഒരു കയർ നൽകിയ ശേഷമായിരുന്നു ഇയാൾ കിണറ്റിലേയക്കു ഇറങ്ങിയത്.
കിണറ്റിൽ ഇറങ്ങിയ ഉടൻ തന്നെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഷിജു തിരികെ കയറാൻ തുടങ്ങി. കയറിൽ പിടിച്ചു പാതിവഴി എത്തിയപ്പോഴേയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു. മൂന്നു പേരും കിണറ്റിനുളളിലേയ്ക്കു വീണതോടെ ഭയന്ന നാട്ടുകാർ വിവരം അഗ്‌നിശമന സേനയിലും പൊലീസിലും അറിയിച്ചു. ഇവർ എത്തി മൃതദേഹം പുറത്തെത്തിച്ചു. ഷിബുവിന്റെ ഭാര്യ മേരി. മൃതദേഹം ചങ്ങനാശേരിയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഡിവൈഎസ്പി കെ.ശ്രീകുമാർ, ചിങ്ങവനം എസഐ എം.എസ് ഷിബു എന്നിവർ സ്ഥലത്തെത്തിയിരുന്നു.
ചങ്ങനാശേരി സ്റ്റേഷൻ ഓഫിസർ സുനിൽ ജോസഫ്, അസി.സ്റ്റേഷൻ ഓഫിസർ വി.വി സുധികുമാർ, ഫയർമാർ സിച്ചു, രതീഷ്, ഡ്രൈവർമാരായ ടി.യു ഷാജി, അബ്ദുൾ റഷീദ്, ഹോംഗാർഡുമാരായ കുഞ്ഞുമോൻ, സുദർശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.