ആരോഗ്യനില മോശമായ ജിഷ്ണുവിന്റെ അമ്മയെ ഐസിയുവിലേക്ക് മാറ്റി; സമരം കടുപ്പിച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍

തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി സമരം കടുപ്പിച്ച് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍. നിരാഹാര സമരത്തെ തുടര്‍ന്ന് അമ്മ മഹിജയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മഹിജയെ ഐസിയുവിലേക്ക് മാറ്റി. അമ്മാവന്‍ ശ്രീജിത്തും നിരാഹാരം തുടരുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍നിന്ന് ഡ്രിപ്പ് സ്വീകരിക്കുന്നത് അവര്‍ മണിക്കൂറുകളോളം നിര്‍ത്തിവച്ചു. ഇരുവരുടെയും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചാണ് പിന്നീട് ഡ്രിപ്പ് നല്‍കിയത്.

മഹിജയും സഹോദരനും ജ്യൂസും ആഹാരവും കഴിക്കുന്നുവെന്ന പ്രചാരണത്തില്‍ പ്രതിഷേധിച്ചാണ് ഇരുവരും ഡ്രിപ്പ് സ്വീകരിക്കുന്നതും മരുന്നുകള്‍ കഴിക്കുന്നതും നിര്‍ത്തിയത്. മെഡിക്കല്‍ കോളേജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലെ വിവരങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് നടപടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ഇരുവരും ചികിത്സയില്‍ കഴിയുന്നത്. പത്ത് ദിവസത്തെ പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഇരുവര്‍ക്കും നിര്‍ദ്ദേശിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ, വളയത്തെ വീട്ടില്‍ നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റിയേക്കും. കോഴിക്കോട് റൂറല്‍ എസ്പി പുഷ്‌കരന്‍ ഇന്ന് വളയത്തെ വീട്ടിലെത്തി അവിഷ്ണയെ സന്ദര്‍ശിച്ചു. തന്നെ ആശുപത്രിയിലേക്ക് മാറ്റരുതെന്നും ജിഷ്ണു കേസിലെ പ്രതികളെ പിടികൂടാത്തപക്ഷം മരണംവരെ നിരാഹാര സമരം നടത്തുമെന്നും അവിഷ്ണ റൂറല്‍ എസ്പിയോട് പറഞ്ഞു. അവിഷ്ണയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റില്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

നാട്ടുകാരും ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പെട നിരവധി പേര്‍ സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. വെള്ളം പോലും കുടിക്കാതെ നിരാഹാരമിരിക്കരുതെന്ന് അവിഷ്ണയോട് വളയത്തെ വീട്ടിലെത്തിയ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്.

എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനു പിന്നാലെയാണ് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹാരമിരുന്നത്.

സര്‍ക്കാറും പൊലീസും ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി
അതേസമയം ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. തെറ്റായ പ്രചാരണങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു കെണിയാണ്. കെണി ഒരുക്കിയാല്‍ വീഴാന്‍ സര്‍ക്കാര്‍ തയാറല്ല. അതേസമയം തെറ്റായ നടപടികളോട് ദാക്ഷിണ്യമുണ്ടാവില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു.

Top