തിരുവനന്തപുരം : നിരാഹാരസമരത്തിനിടെ ഭക്ഷണം കഴിക്കുന്നുവെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്ന് ഡ്രിപ്പ് എടുക്കുന്നത് നിര്‍ത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കി. ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹിജയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കിയത്. നാദാപുരത്തെ വീട്ടില്‍ നിരാഹാരസമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോഗ്യ നിലയും മോശമായിട്ടുണ്ട്. അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നുണ്ട്. മഹിജയുടെയും അവിഷ്ണയുടെയും നിരാഹാരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജിഷ്ണുവിന്റെ 14 കുടുംബാംഗങ്ങളും വീട്ടില്‍ നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പം സമരം ചെയ്യാനെത്തിയെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത കെ എം ഷാജഹാന്റെ അമ്മ നിരാഹാര സമരത്തില്‍.മഹിജയുടെ മാതാവിന്റെ സമരത്തിനിടയില്‍ ഷാജഹാന്റെ അമ്മയുടെ സമരവും പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് സൂചന . മകനെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഷാജഹാന്റെ അമ്മ എല്‍ തങ്കമ്മ വീട്ടില്‍ നിരാഹാര സമരം ആരംഭിച്ചത്. ഷാജഖാനെ പൊലീസ് വിട്ടു നല്‍കുന്നത് വരെ സമരം തുടുമെന്നാണ് തങ്കമ്മയുടെ നിലപാട്.
കെ എം ഷാജഹാന് എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജര്‍ഖാന്‍, ഭാര്യ മിനി, ശ്രീകുമാര്‍, തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരേയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇവര്‍ സമരത്തിന് ബാഹ്യ ഇടപെടല്‍ നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു.
അതേസമയം, ജിഷ്ണു പ്രണോയിക്ക് നീതി തേടിയുള്ള സഹോദരി അവിഷ്ണയുടെ നിരാഹാര സമരവും തുടരുകയാണ്. അവിഷ്ണയെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് നീക്കാനുള്ള പൊലീസ് ശ്രമം മൂന്നാം തവണയും പരാജയപ്പെട്ടിരുന്നു. ഇന്നലെ രാത്രി ഒന്‍പതുമണിയോടെ അവിഷ്ണയെ അറസ്റ്റു ചെയ്ത് നീക്കാന്‍ ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയെങ്കിലും നാട്ടുകാര്‍ ഇടപെട്ടതോടെ ശ്രമം പാളുകയായിരുന്നു. ആശുപത്രിയില്‍ നിരാഹാരസമരം നടത്തയിരുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
അതിനിടെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുഖജനാവില്‍ നിന്നും കോടികള്‍ മുടക്കി സര്‍ക്കാര്‍ പരസ്യം നല്‍കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച പെരുമാറ്റ ചട്ടം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പൊതുഖജനാവിലെ ഫണ്ടുപയോഗിച്ച് ‘ജിഷ്ണു കേസ് പ്രചാരണമെന്ത്, സത്യമെന്ത്’ എന്ന തലക്കെട്ടില്‍ വാര്‍ത്താ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയത്. വോട്ടര്‍മാരെ വാര്‍ത്താമാധ്യമങ്ങളില്‍ പരസ്യം നല്‍കി സ്വാധീനിക്കാനുള്ള ഉദ്യേശ്യത്തോടെ തന്നെയാണ് ഈ പരസ്യം നല്‍കിയിട്ടുള്ളതെന്നും ജനപ്രാതിനിധ്യ നിയമമനുസരിച്ച് വ്യക്തമായ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയതെന്നും ഇ ടി പറഞ്ഞു.
ജിഷ്ണുവിന്റെ മാതാവിനോട് പൊലീസ് കാണിച്ച ക്രൂരത മലപ്പുറം തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയപ്പപ്പെട്ട വിഷയമാണ്. കേരളത്തിലെ ഓരോ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഈ പ്രശ്‌നം ഉയര്‍ന്നു വന്നിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബം ഒന്നടങ്കം ഈ വിഷയത്തില്‍ നിരാഹാരം തുടരുകയുമാണ്. സര്‍ക്കാറിനും ഇടതു പക്ഷത്തിനും തിരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നം ക്ഷീണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഉദ്യേശ്യത്തോടെയാണ് ഈ പരസ്യം നല്‍കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്ന പരാതിയില്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.