കൊച്ചി: മഹാ പ്രളയത്തില്‍ നിന്നും കേരളത്തെ രക്ഷിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് മത്സ്യത്തൊഴിലാളികളായിരുന്നു. പ്രളയ ദുരന്തത്തിനിടയില്‍ കണ്ണ് നിറക്കുന്ന സഹനത്തിന്റെ ഒട്ടേറെ കാഴ്ച്ചകള്‍ മത്സ്യത്തൊഴിലാളികള്‍ കേരളത്തിന് സമ്മാനിച്ചു. അതില്‍ മലയാളിക്ക് മറക്കാനാകാത്ത കാഴ്ചയായിരുന്നു മനുഷ്യ ചവിട്ടുപടിയായി മാറിയ ജൈസലിന്റേത്.
പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ സ്വന്തം ശരീരം ചവിട്ടു പടിയായി മാറ്റിയ മത്സ്യത്തൊഴിലാളി ജൈസലിന് വലിയൊരു സമ്മാനം തേടി എത്തിയിരിക്കുകയാണ്. ഇനി മഹീന്ദ്രയുടെ ഏറ്റവും പുതിയ കാര്‍ ജൈസലിന് സ്വന്തം. ഇറാം മോട്ടോഴ്സാണ് മഹീന്ദ്രയുടെ മറാസോ ജൈസലിന് സമ്മാനിച്ചത്. മഹീന്ദ്രയുടെ എറ്റവും പുതിയ കാര്‍ ആയ മറാസോ ആണ് ജൈയ്സലിനു സമ്മാനിച്ചത്.
കോഴിക്കോട് പാവങ്ങാട്ടെ ഷോറൂമില്‍ നടന്ന പരിപാടിയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണനാണ് പുതിയ കാറിന്റെ താക്കോല്‍ ജൈസലിന് കൈമാറിയത്. പ്രതീക്ഷിക്കാതെ തേടി വന്ന സൗഭാഗ്യത്തിന്റെ അമ്പരപ്പിലാണ് ജൈസല്‍.
കാര്‍ ലോഞ്ചിങ് ദിവസം തന്നെയാണ് ജൈസലിന് സമ്മാനിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനം ആവണം എന്നത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ് പറഞ്ഞു.
രക്ഷപ്രവര്‍ത്തനത്തിന്റെ ഭാഗമായ മലപ്പുറം ട്രോമകെയര്‍ അംഗങ്ങളെ ചടങ്ങില്‍ മെഡലുകള്‍ നല്‍കി ആദരിച്ചു. എ.പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ യു.വി.ജോസ്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.