എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ ടിയുവി 300 യെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് വിപണിയിലിറക്കി. രാജ്യമൊട്ടാകെയുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പനയ്‌ക്കെത്തിയ ടിയുവി 300 യുടെ എക്‌സ്‌ഷോറൂം വില 6.90 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
വാഹന ഡിസൈനിങ്ങില്‍ അഗ്രഗണ്യരായ ഇറ്റാലിയന്‍ കമ്പനി പിനിന്‍ഫാരിനയുടെ പിന്തുണയോടെയാണ് ടിയുവി 300 യെ മഹീന്ദ്ര വികസിപ്പിച്ചത്. യുദ്ധടാങ്കിന്റെ കരുത്തന്‍ ഭാവമുള്ള രൂപത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ രൂപകല്‍പ്പന.
ക്ലച്ച് ഉപയോഗിക്കാതെ, അനായാസം ഡ്രൈവ് ചെയ്യാന്‍ സഹായിക്കുന്ന ഓട്ടോഷിഫ്ട് ടെക്‌നോളജി ( ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ) യുമായാണ് ടിയുവി 300 യുടെ വരവ്. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്‌സും ലഭ്യമാണ്. പുതിയ 1.5 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് എസ്‌യുവിയ്ക്ക് കരുത്ത് പകരുന്നത്. രണ്ട് സ്റ്റേജ് ടര്‍ബോചാര്‍ജറുള്ള എന്‍ജിന്‍ 84 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കും നല്‍കും. റിയര്‍ വീല്‍ ഡ്രൈവാണ്. ഇക്കോ മോഡ് , മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി എന്നിവ മികച്ച മൈലേജ് ഉറപ്പാക്കുന്നു. ലീറ്ററിന് 18.49 കിലോമീറ്റര്‍ മൈലേജാണ് ടിയുവി 300 യ്ക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തിയത്.
നാല് മീറ്ററില്‍ താഴെ നീളമുളള മസ്‌കുലാര്‍ ലുക്കുള്ള ടിയുവി 300 , ഏഴ് സീറ്റര്‍ (5+2) ആണ്. ലഗേജ് സ്‌പേസ് 720 ലീറ്റര്‍ വരെ വര്‍ധിപ്പിക്കാം. കൂടിയ ഗ്രൗണ്ട് ക്ലിയറന്‍സും ഡിക്കി ഡോറില്‍ ഉറപ്പിച്ച സ്റ്റെപ്പിനി ടയറുമെല്ലാം എസ്‌യുവിയുടെ പ്രൗഢി കൂട്ടുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ടു ഡിന്‍ മ്യൂസിക് സിസ്റ്റം , ഓഡിയോ / ഫോണ്‍ കണ്‍ട്രോളുകളുള്ള സ്റ്റിയറിങ് വീല്‍ , ട്വിന്‍പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയും ഇന്റീരിയറിലെ പ്രത്യേകതകള്‍ . സ്റ്റാറ്റിക് ബെന്‍ഡിങ് ഹെഡ്‌ലാംപുകള്‍ , ബ്രേക്ക് എനര്‍ജി റീജനറേഷന്‍ , ഇന്റലിപാര്‍ക്ക് റിവേഴ്‌സ് അസിസ്റ്റ് , വോയ്‌സ് മെസേജിങ് സിസ്റ്റം, ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍സിസ്റ്റം , ഫോളോ മീ ഹെഡ്‌ലാംപുകള്‍ എന്നിവ മറ്റ് പ്രധാന ഫീച്ചറുകളില്‍ പെടുന്നു.
ക്രാഷ് ടെസ്റ്റുകളില്‍ വിജയം നേടാനാവും വിധം ബലവത്തായ സ്റ്റീല്‍ ബോഡി ഷെല്ലാണ് ടിയുവി 300യുടേത്. ഡ്യുവല്‍ എയര്‍ ബാഗ് , ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം ( എബിഎസ് ) , ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ ( ഇബിഡി) , കോര്‍ണര്‍ ബ്രേക്ക് കണ്‍ട്രോള്‍ , ഓട്ടോമാറ്റിക് ഡോര്‍ ലോക്കിങ് എന്നീ സുരക്ഷാസംവിധാനങ്ങളും ടിയുവി 300 യ്ക്കുണ്ട്.
ഏഴ് വകഭേദങ്ങള്‍ ടിയുവി 300 യ്ക്കുണ്ട്. വെര്‍വ് ബ്ലൂ , ഡൈനാമിക് റെഡ് , മോള്‍ട്ടന്‍ ഓറഞ്ച് , ഗ്ലേസിയര്‍ വൈറ്റ് , മജസ്റ്റിക് സില്‍വര്‍ , ബോള്‍ഡ് ബ്ലാക്ക് എന്നീ ആറ് ബോഡി നിറങ്ങള്‍ ലഭ്യമാണ്. ഫോഡ് ഇക്കോസ്‌പോര്‍ട് , ഫിയറ്റ് അവെന്‍ച്ചുറ, ടൊയോട്ട എറ്റിയോസ് ക്രോസ് ,റെനോ ഡസ്റ്റര്‍ എന്നിവയുമായാണ് ടിയുവി 300 മത്സരിക്കുന്നത്. എസി , ചെരിവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ്, പവര്‍ വിന്‍ഡോ , ഡിജിറ്റല്‍ ഇമ്മൊബിലൈസര്‍ എന്നിവ അടിസ്ഥാന വകഭേദത്തിനുണ്ട്.