ബംഗലൂരു: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരകശില അജ്ഞാത സംഘം അടിച്ചു തകര്‍ത്തു. ബംഗലൂരുവിലെ യെലഹങ്കയില്‍ സ്ഥാപിച്ചിരുന്ന സ്മാരകശിലയാണ് തകര്‍ത്തത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സംഭവത്തില്‍ വന്‍പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ കക്ഷികളും സൈനികരും പ്രതിഷേധവുമായി രംഗത്തു വന്നു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു സൈനികര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വര സ്മാരകശില ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് ഉറപ്പ് നല്‍കി. ബൃഹത് ബംഗലൂരു മഹാനഗര്‍ പാലിക അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. മുംബൈയിലെ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദിയാക്കിയ 14 പേരെ രക്ഷിക്കുന്നതിനായി പത്തംഗ കമാന്‍ഡോ സംഘത്തിനൊപ്പം നടത്തിയ നീക്കത്തിനിടെയാണ് സന്ദീപ് ഉണ്ണികൃഷ്ണനു വെടിയേറ്റത്. സഹസൈനികരെ കൂടി തീവ്രവാദികളുടെ തോക്കിന്‍ മുനയില്‍ നിന്നു രക്ഷിച്ച സന്ദീപ് പിന്നീട് മരണത്തിന് കീഴടങ്ങി.